Youth Zone - 2024
കോഴിക്കോട് ലവ് ജിഹാദ്: തുടരന്വേഷണം നിലച്ചു
ദീപിക 29-09-2019 - Sunday
കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം വധഭീഷണി മുഴക്കി മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചെന്ന കേസില്‍ തുടരന്വേഷണം നിലച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയതോടെയാണ് തുടരന്വേഷണം അവസാനിച്ചത്. ചൊവ്വാഴ്ച തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെങ്കിലും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനോ ഫോണ്‍വിളിയുടെ സിഡിആര്‍ (കോള്‍ ഡീറ്റയില്‍സ് റെക്കോഡ്) ശേഖരിക്കാനോ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മതതീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയെന്ന നിലയ്ക്ക് ഇനിയെല്ലാം എന്‍ഐഎ ചെയ്‌തോട്ടെ എന്നാണ് ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പോലീസിന്റെ മറുപടി.
പീഡനം നടന്ന് ഒന്നരമാസമായിട്ടും പ്രതി മുഹമ്മദ് ജാസിമിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്കിയിരുന്നെങ്കിലും തുടക്കംമുതല്‍തന്നെ ഒത്തുതീര്‍ക്കാനായിരുന്നു പോലീസിനു താത്പര്യം. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെങ്കിലും പോലീസ് സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ ഭാഗമായി പ്രതി സന്നിഹിതനായിരുന്നു. കേസില്‍നിന്നു പിന്മാറില്ലെന്ന് പിതാവ് ഉറച്ച തീരുമാനം അറിയിച്ചതോടെ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പ്രതി സമര്‍ഥമായി മുങ്ങുകയായിരുന്നു. സംഭവം പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടും പോലീസ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയി.
പെണ്‍കുട്ടിയുടെ പരാതിയില്‍ മാനഭംഗപ്പെടുത്തല്‍ (ഐപിസി 376) പിടിച്ചുപറി (384) , വധഭീഷണി (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് ജാസിമിനെതിരേയുള്ള കേസ്. എന്നാല്‍, വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല എന്നതു ശ്രദ്ധേയമാണ്. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ റിമാന്‍ഡ് കാലാവധിക്കുള്ളില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ പിന്നെ അതിനു കഴിയില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ റിമാന്‍ഡ് പ്രതികളെ സാധാരണ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാറുള്ളതാണ്.
പക്ഷേ, മുഹമ്മദ് ജാസിമിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇത്തരം കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെടുമ്പോഴോ അതിനടുത്ത ദിവസമോ പോലീസ് കസ്റ്റഡി ആവശ്യപ്പെടാറുള്ളതാണ്. കേസില്‍ പോലീസ് അലംഭാവം കാട്ടുന്നതായി നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയശേഷം തന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തതായി പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയുടെ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
വീഡിയോയും ചിത്രങ്ങളും മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നില്ല. ഓഗസ്റ്റ് ആദ്യവാരം ഹോസ്റ്റലിനു മുന്നില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോകാന്‍ പ്രതിയുടെ നേതൃത്വത്തില്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ സാന്നിധ്യത്തിനു തെളിവായ ടവര്‍ ലൊക്കേഷന്‍ പരിശോധനയും ഇതുവരെ നടന്നിട്ടില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ കോളജ് ഹോസ്റ്റല്‍ പരിസരത്തും പീഡനം നടന്ന സരോവരം പാര്‍ക്കിലും സിസിടിവികാമറകളുണ്ട്. ഇവ പരിശോധിക്കാനും പോലീസ് തയാറായിട്ടില്ല.
മുഹമ്മദ് ജാസിം ഒന്നര മാസമാണ് ഒളിവില്‍ കഴിഞ്ഞത്. അതെവിടെയെന്നോ ആരെല്ലാം സഹായിച്ചെന്നോ തുടങ്ങിയുള്ള അന്വേഷണവും നടന്നിട്ടില്ല. അതേസമയം, പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു സ്ഥാപിക്കാന്‍ പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളും വാട്‌സ്ആപ് ചാറ്റിംഗുകളും പോലീസിന്റെ പക്കലുണ്ട്. ഇതുപയോഗപ്പെടുത്തി പ്രതിക്ക് ഏതുവിധേനയും ജാമ്യം ലഭ്യമാക്കാന്‍ ശ്രമം നടക്കു ന്നുണ്ട്.