Faith And Reason - 2024

കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ അതിനു സാക്ഷ്യം വഹിച്ചവരിൽ അദ്ദേഹത്തിലൂടെ സത്യവിശ്വാസം സ്വീകരിച്ചവരും

സ്വന്തം ലേഖകന്‍ 14-10-2019 - Monday

വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ അദ്ദേഹം വഴി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരും അതിന് സാക്ഷികളായി. വിശുദ്ധന്റെ രചനകള്‍ സ്വാധീനിക്കുകയും, അതുവഴി സത്യവിശ്വാസംസ്വീകരിക്കുകയും ചെയ്ത അനേകം പേരാണ് ഇന്നലെ വത്തിക്കാനില്‍ വെച്ച് നടന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയത്.

“എന്റെ ചിന്തയേയും, പ്രാര്‍ത്ഥനാ ജീവിതത്തേയും മാറ്റിമറിച്ച ഒരാള്‍ വിശുദ്ധനാകുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്”; 24 കാരിയായ എലെയ്ന്‍ അല്ലന്‍ പറഞ്ഞു. തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ദൈവം തിരഞ്ഞെടുക്കുന്ന മനോഹരവും സങ്കീര്‍ണ്ണവുമായ പ്രക്രിയകളെ കുറിച്ച് ചിന്തിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ വിശുദ്ധനാണെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവർ വെളിപ്പെടുത്തി.

ഇവാഞ്ചലിക്കല്‍ സഭാംഗമായിരുന്ന എലെയ്ന്‍ ബെയലോര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരിക്കെ പങ്കെടുത്ത 18, 19 നൂറ്റാണ്ടുകളിലെ സാഹിത്യത്തെക്കുറിച്ചുള്ള ഒരു പഠനവേദിയിൽ വച്ചാണ് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ കൃതികളിലെ അസാധാരണമായ രചനാ പാടവം കത്തോലിക്കാ വിശ്വാസത്തിലേക്ക് അവരെ ആകർഷിച്ചു.

ബിരുദധാരിയുകുന്നതിനു മുന്‍പ് തന്നെ സഭാ ചരിത്രം പഠിച്ച എലെയ്ന്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണ് കത്തോലിക്കാ സഭയെന്ന് തിരിച്ചറിഞ്ഞുവെങ്കിലും, ഏത് സഭാ വിഭാഗമാണ്‌ ദൈവവചനത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. പിന്നീട്, “ആന്‍ എസ്സേ ഓണ്‍ ദി ഡെവലപ്മെന്റ് ഓഫ് ഡോക്ട്രിന്‍” എന്ന വിശുദ്ധ ന്യൂമാന്‍ എഴുതിയ ഗ്രന്ഥം വായിച്ചതിനു ശേഷമാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ എലെയ്ന്‍ തീരുമാനിച്ചത്. 2017 ഡിസംബര്‍ 6-ന് എലെയ്ന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. വിശുദ്ധന്റെ നിരവധി രചനകള്‍ വായിച്ചിട്ടുണ്ടെന്നും, ഇപ്പോഴും വായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

വിശുദ്ധ തോമസ്‌ അക്വിനാസിന് ശേഷം സഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായ വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാനും, ഇറ്റലിയില്‍ ഒരനാഥയായി വളര്‍ന്നുവന്ന മദര്‍ വനീനിയും ആദരിക്കപ്പെട്ടത് സഭയുടെ സാര്‍വത്രികതയുടെ ഒരു പ്രതീകമായിട്ടാണ്‌ തനിക്ക് തോന്നിയതെന്നാണ് എലെയ്ന്‍ പറയുന്നത്. മലയാളിയായ മറിയം ത്രേസ്യ, മാര്‍ഗരീത്ത ബേയ്സ്, ജൂസപ്പീന വനീനി, ദുള്‍ച്ചെ ലോപ്പസ് എന്നിവര്‍ക്കൊപ്പം ഇന്നലെയാണ് ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Related Articles »