News - 2025
അൾജീരിയയിൽ രണ്ടു ദേവാലയങ്ങൾ കൂടി സർക്കാർ അടച്ചുപൂട്ടി: പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 18-10-2019 - Friday
അൾജീയേഴ്സ്: അകാരണമായി ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടി ആഫ്രിക്കന്‍ രാജ്യമായ അൾജീരിയയിൽ വീണ്ടും തുടരുന്നു. അൾജീരിയയിലെ ജനങ്ങൾ ഏകാധിപത്യ സർക്കാരിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് റ്റിസി ഔസോയിലുളള ദി ചർച്ച് ഓഫ് ദി ഗോസ്പൽ ദേവാലയവും, മക്കൗഡയിലുളള സോഴ്സ് ഓഫ് ലൈഫ് ചർച്ചും അധികൃതർ അടച്ചുപൂട്ടിയത്. ദി ചർച്ച് ഓഫ് ദി ഗോസ്പൽ ദേവാലയം, അൾജീരിയയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ദേവാലയമാണ്. 23 വർഷം പഴക്കമുള്ള ദേവാലയത്തിൽ, ആയിരത്തിലധികം ആളുകൾ പ്രാര്‍ത്ഥനശുശ്രൂഷകള്‍ക്കായി വരാറുണ്ട്. മക്കൗഡയിലെ ദേവാലയം അടച്ചുപൂട്ടുമെന്ന് പതിനഞ്ചാം തീയതിയാണ് അറിയിപ്പ് ലഭിക്കുന്നത്. അതേ ദിവസം തന്നെ പോലീസുകാരെത്തി ദേവാലയത്തിന് താഴിട്ടു.
ഇത് ആദ്യമായിട്ടല്ല, രാജ്യത്തെ ക്രൈസ്തവ സഭകൾ സര്‍ക്കാരിന്റെ കൊടിയ പീഡനം ഏറ്റുവാങ്ങുന്നത്. 2018 ജനുവരി മാസത്തിനുശേഷം പതിനഞ്ചോളം ദേവാലയങ്ങൾ സർക്കാർ സീൽ ചെയ്തിരിന്നു. ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ട്, ആ അവസരം മുതലാക്കി, ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു. ഇതിനിടയിൽ റ്റിസി ഔസോയുടെ സമീപമുള്ള ബെജായിയ എന്ന സ്ഥലത്ത് ദേവാലയം തുറന്നു തരണമെന്ന ആവശ്യവുമായി, പോസ്റ്ററുകളും ബാനറുകളുമായി വിശ്വാസികൾ സംഘടിക്കുന്നുണ്ട്.
Posted by Pravachaka Sabdam on