News - 2024

അൾജീരിയയിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക

സ്വന്തം ലേഖകന്‍ 01-11-2019 - Friday

വാഷിംഗ്ടണ്‍ ഡി.സി/അള്‍ജിയേഴ്സ്: അൾജീരിയയിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ. അടുത്ത നാളുകൾക്കിടയിൽ പന്ത്രണ്ടോളം ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻറ് ദേവാലയങ്ങള്‍ അൾജീരിയ അടച്ചുപൂട്ടിയതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമെന്നത് ഓരോരുത്തർക്കും അവരവരുടെ ദേവാലയങ്ങൾ സംരക്ഷിക്കാനും, അവിടെ പ്രാർത്ഥിക്കാനും ലഭിക്കുന്ന സ്വാതന്ത്ര്യമാണെന്ന് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷന്റെ അധ്യക്ഷൻ ടോണി പെർക്കിൻസ് പറഞ്ഞു.

അൾജീരിയയിലെ മറ്റുള്ള പൗരന്മാരെ പോലെതന്നെ അവിടുത്തെ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻറ് വിശ്വാസികൾക്കും അവരുടെ മനസാക്ഷിക്കും, വിശ്വാസത്തിനുമനുസരിച്ച് ആരാധിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കമ്മീഷന്റെ സഹ അധ്യക്ഷനായ ഗെയിൽ മാഞ്ചിൻ വ്യക്തമാക്കി. ദേവാലയങ്ങൾ അടച്ചുപൂട്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അതിനാൽ തന്നെ അടച്ച ദേവാലയങ്ങളെല്ലാം തുറന്നു നല്‍കണമെന്നും ക്രൈസ്തവരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗെയിൽ മാഞ്ചിൻ അൾജീരിയ സർക്കാരിനോട് ആവശ്യപ്പെട്ടു.

മതസ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന നടപടിക്ക് രണ്ടുവർഷം മുന്‍പാണ് അള്‍ജീരിയ തുടക്കമിട്ടതെങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രം എട്ടു ദേവാലയങ്ങളാണ് സർക്കാർ അടച്ചുപൂട്ടിയത്. അതേസമയം മറ്റൊരു ദേവാലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുമുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 99%വും ഇസ്ലാം മതസ്ഥരാണ്.


Related Articles »