India - 2024

മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 02-11-2019 - Saturday

ബിജ്‌നോര്‍: ക്വാട്ട്ദ്വാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവ ഇടയന് അധികാരത്തിന്റെയും ശുശ്രൂഷയുടെയും അടയാളമായ അംശവടിയും മുടിയും നല്‍കി.

സ്ഥാനമൊഴിയുന്ന ബിജ്‌നോര്‍ രൂപത മെത്രാന്‍ മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ, ബിഷപ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കു മെത്രാന്മാരും വൈദികരും പരമ്പരാഗത ഗഡ്വാളി നൃത്തത്തിന്റെ അകമ്പടിയോടെ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. ചടങ്ങില്‍ ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ വചനസന്ദേശം നല്കി. മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിജ്‌നോര്‍ രൂപതയുടെ വളര്‍ച്ചയില്‍ മുന്‍ അധ്യക്ഷന്മാര്‍ ചെയ്ത ത്യാഗപൂര്‍ണമായ ശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് നവാഭിഷിക്തന് ആശംസകള്‍ നേര്‍ന്നു.

ഫാ. ജയിംസ് തെക്കേക്കര ആര്‍ച്ച്ഡീക്കനായ ചടങ്ങില്‍ പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാന്‍സലര്‍ റവ.ഡോ. ഫിലിപ്പ് കരിക്കുന്നേല്‍ വായിച്ചു. സഹകാര്‍മികരായ ബിഷപ്പ് മാര്‍ ജോണ്‍ വടക്കേലും, ബിഷപ്പ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടനും നവാഭിഷിക്തനും ഒപ്പുവച്ചതോടെ അഭിഷേകച്ചടങ്ങ് പൂര്‍ത്തിയായി. മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ രൂപതകളില്‍നിന്നുള്ള പതിനഞ്ചു മെത്രാന്മാരും മുന്നൂറോളം വൈദികരും സഹകാര്‍മികരായിരുന്നു.


Related Articles »