Arts - 2024

'ഉണ്ണീശോയുടെ സ്വന്തം': കുട്ടികള്‍ക്കായുള്ള നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകം വീണ്ടും പുറത്തിറക്കി

സ്വന്തം ലേഖകന്‍ 06-11-2019 - Wednesday

തൃശൂര്‍: ആഗതമാകുന്ന തിരുപിറവിയ്ക്ക് മുന്നോടിയായി കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും വിശുദ്ധിയോടെ ഒരുങ്ങുവാന്‍ സഹായിക്കുന്ന പുണ്യങ്ങളുടെ പുസ്തകം 'ഉണ്ണീശോയുടെ സ്വന്തം' പുറത്തിറങ്ങി. സുകൃതജപം, പുണ്യപ്രവൃത്തി, വചന പഠനം, അനുദിന വി.കുര്‍ബ്ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങളാല്‍ അലങ്കരിച്ച് കുഞ്ഞുമാലാഖമാരോട് ചേര്‍ന്ന് ചെയ്യാവുന്ന സവിശേഷമായൊരു കൈപുസ്തകമാണിത്. ഡിസംബര്‍ 1 മുതല്‍ 25വരെ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ പേജുകളും ക്രമീകരിച്ചിരിക്കുന്നത്.

''ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍, സ്വര്‍ഗരാജ്യം അവരെപ്പോലുള്ളവരുടെതാണ്'' എന്ന വചനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളിലും കുഞ്ഞുങ്ങളിലും വിശ്വാസം വളര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഫിയാത്ത് മിഷന്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇടവകമതബോധനം, കുട്ടികളുടെ കൂട്ടായ്മകള്‍, സ്‌കൂളുകള്‍, സംഘടനകള്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞവര്‍ഷങ്ങളില്‍ വിതരണം ചെയ്ത ഈ പുസ്തകം കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെപോലും ആത്മീയതലത്തിലും, വിശ്വാസരൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കാരണമായി.

കഴിഞ്ഞവര്‍ഷം വരെ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്തിരുന്നത്. കേരളത്തിലെ പലയിടങ്ങളിലും നോമ്പുകാലത്ത് 'ഉണ്ണീശോയുടെ സ്വന്തം' എന്ന കൈപുസ്തകം നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ പരിശീലിപ്പിച്ചതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പ്രത്യേകിച്ച് ചില ഇടവകകളില്‍ 300 ഓളം കുട്ടികള്‍ വരെ നോമ്പുകാലത്ത് ദിവസവും മുടങ്ങാതെ കുര്‍ബാനക്ക് വന്നിരുന്നുവെന്ന പല മതബോധന അദ്ധ്യാപകരുടെയും, വൈദികരുടെയും, സന്യസ്തരുടെയും സാക്ഷ്യം മൂലം ഈ വര്‍ഷം ഇതിന്റെ കോപ്പികള്‍ 5 ലക്ഷം വരെ വര്‍ദ്ധിപ്പിക്കുകയാണ്.

കുഞ്ഞുമനസുകളില്‍ ഉണ്ണീശോയുടെ സ്‌നേഹം നിറച്ച് ഈശോയുടെ സ്വന്തമാണെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാണ്. ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ കൈ പുസ്തകത്തിന് 5 രൂപയോളമാണ് നിര്‍മ്മാണചെലവ്. ഫിയാത്ത് മിഷന്‍ പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയനുസരിച്ച് ഈ പുസ്തകം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. കോപ്പികള്‍ സൗജന്യമായി ലഭിക്കുവാൻ നവംബര്‍ 15 ന് മുമ്പ് താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

നമ്പര്‍: ‍ 9020353035, 9961550000 ‍


Related Articles »