News

ഇറാഖിലെ സമര പോരാളികള്‍ക്ക് പിന്തുണയുമായി കർദ്ദിനാൾ സാക്കോ തഹ്‌രീർ ചത്വരത്തില്‍

സ്വന്തം ലേഖകന്‍ 07-11-2019 - Thursday

ബാഗ്ദാദ്: അഴിമതി, തൊഴിലില്ലായ്മ, സർക്കാരിനു മേലുള്ള ഇറാന്റെ സ്വാധീനം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു ബാഗ്ദാദിൽ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന ഇറാഖി പൗരന്മാർക്ക് പിന്തുണയുമായി കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ ബാഗ്ദാദിലെ തഹ്‌രീർ ചതുരം സന്ദർശിച്ചു. സഹായമെത്രാന്മാരോടും ഏതാനും വൈദികരോടും ഒപ്പമാണ് കര്‍ദ്ദിനാള്‍ സമരമേഖല സന്ദര്‍ശിച്ചത്.

പ്രക്ഷോഭകാരികളുമായും, അവരെ പിന്തുണയ്ക്കുന്നവരുമായും ചർച്ച നടത്തിയ കർദ്ദിനാൾ സാക്കോ, വിഭാഗീയ ചിന്ത മാറ്റിവെച്ച് ഇറാഖിന്റെ ദേശീയത വീണ്ടെടുത്ത് മാതൃരാജ്യം- ശ്രേഷ്ഠവും, അമൂല്യവുമാണെന്ന് തെളിയിച്ച യുവാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനാണ് എത്തിയതെന്ന് പറഞ്ഞു.

രാഷ്ട്രീയക്കാർക്ക് പോലും ചെയ്യാൻ സാധിക്കാത്തത് പ്രക്ഷോഭകാരികൾക്ക് സാധിച്ചെന്നും, നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് ഭരണം ക്രിയാത്മകമാകണമെന്ന പ്രക്ഷോഭകാരികളുടെ ന്യായമായ ആവശ്യം സർക്കാർ ശ്രവിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൽ മരണമടയുകയും, പരിക്കേൽക്കുകയും ചെയ്ത പട്ടാളക്കാർക്കും, പൗരന്മാർക്കും വേണ്ടി സ്വാതന്ത്ര്യ സ്മാരകത്തിനു മുന്നിൽ പ്രത്യേക പ്രാര്‍ത്ഥനയും കര്‍ദ്ദിനാള്‍ നടത്തി.


Related Articles »