Life In Christ - 2025
'ലിജിയമ്മയോട് ഈശോയെ പ്രതി ക്ഷമിക്കുവാ': നൊമ്പരമായി ഫാ. വിജോഷിന്റെ കുറിപ്പ്
സ്വന്തം ലേഖകന്‍ 12-11-2019 - Tuesday
രാജകുമാരി: മുംബൈയില്‍ മാതാവും ആണ്‍സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയ രണ്ടര വയസുകാരി ജൊവാനയുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നവമാധ്യമങ്ങള്‍. വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പൊട്ടിച്ചിരികളും കുസൃതികളും കൊണ്ട് ഹൃദയം കവര്‍ന്നിരിന്ന കുഞ്ഞ് ബാലികക്കു നാട് ഇന്ന്‍ കണ്ണീരോടെ യാത്രമൊഴിയേകി. ഇതിനിടെ കഴിഞ്ഞ ദിവസം പുത്തടി ഫാംഹൗസില്‍ കൊല്ലപ്പെട്ട കുഞ്ഞ് ജൊവാനയുടെ പിതാവ് മുല്ലൂര്‍ റിജോഷിന്റെ- സഹോദരനായ വൈദികന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ കണ്ണീരോര്‍മ്മയുമായി പ്രചരിക്കുകയാണ്.
തന്റെ പ്രിയപ്പെട്ട സഹോദരനെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച കുഞ്ഞിനെയും കൊലപ്പെടുത്തിയ റിജോഷിന്റെ ഭാര്യ ലിജിയോട് ക്ഷമിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ്. കൊലപാതകം നടത്തിയ 'അങ്കിളി'നും വേണ്ടി പ്രാർത്ഥിക്കണമേയെന്ന ആത്മനൊമ്പരത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. നൂറുകണക്കിനാളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തം സഹോദരനെയും സഹോദര പുത്രിയെയും കൊലപ്പെടുത്തിയിട്ടും ഹൃദയം തുറന്ന്‍ ക്ഷമിക്കുവാന്‍ കഴിയുന്ന വൈദികന് മുന്നില്‍ തലകുനിക്കുന്നുവെന്നു പലരും കമന്റില്‍ രേഖപ്പെടുത്തുന്നു.
ഇന്നലെ ജൊവാനയുടെ മൃതദേഹം ഫാ. വിജോഷ് മുല്ലൂര്‍, ഇളയ സഹോദരന്‍ ജിജോഷ് എന്നിവരാണ് മുംബൈയില്‍നിന്ന് ഏറ്റുവാങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടവും പോലീസ് നടപടിക്രമങ്ങളുമെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ ഇവര്‍ക്കു വിട്ടുനല്‍കി. വിജയപുരം രൂപതയിലെ വൈദികനായ വിജോഷ് മുംബൈയിലെത്തിയപ്പോള്‍ മുതല്‍ സഹായിക്കാനായി മുംബൈ രൂപതയിലെ വൈദികര്‍ ഒപ്പമുണ്ടായിരുന്നു.
വിജയപുരം രൂപത മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുംബൈ രൂപതയുമായി ബന്ധപ്പെട്ടിരുന്നു. മുംബൈ രൂപതയില്‍നിന്നുള്ള വൈദികരുടെ സഹായവും ഇടപെടലുമാണ് ജൊവാനയുടെ മൃതദേഹം എളുപ്പത്തില്‍ വിട്ടുകിട്ടുന്നതിന് സഹായകരമായത്. കഴിഞ്ഞ നാലിനാണ് ലിജിയേയും വസീമിനെയും കുട്ടിയെയും കാണാതായത്. ഏഴിനു റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ പുത്തടി ഫാം ഹൗസില്‍നിന്നും കണ്ടെത്തി. പിന്നീട് മുംബൈ പനവേലിലെ ലോഡ്ജില്‍ ലിജിയെയും വസീമിനെയും കുട്ടിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു.
Posted by Pravachaka Sabdam on