India
'ദർശനം': തിരുവന്തപുരം അതിരൂപതയുടെ കാഴ്ച പരിമിതിതരുടെ സംഗമം ശ്രദ്ധേയമായി
15-11-2019 - Friday
തിരുവനന്തപുരം: തിരുവന്തപുരം ലത്തീൻ അതിരൂപതയിലെ അംഗങ്ങളായ കാഴ്ച പരിമിതിതരുടെ സംഗമം 'ദർശനം' അതിരൂപതാ കുടുംബ പ്രേക്ഷിത ശ്രുശ്രൂഷയുടെ അഭിമുഖ്യത്തിൽ നടത്തി. അതിരൂപതാ സഹായമെത്രാൻ റൈറ്റ്.റവ ക്രിസ്തുദാസ് ആർ അദ്ധ്യക്ഷത വഹിച്ച സംഗമം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. കാഴ്ച പരിമിതിയുള്ളവരെ പോലെയുള്ള സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സർക്കാർ പദ്ധതികളിലൂടെ ചേർത്തു പിടിക്കുന്നുണ്ടെങ്കിലും ഇതുപോലുള്ള സംഗമങ്ങൾ അവർക്ക് വലിയൊരു അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.കാഴ്ചയുള്ളവരെക്കാൾ കാഴ്ച പരിമിതിയുള്ളവർക്കാണ് ഉൾക്കാഴ്ചയുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ക്രിസ്തുദാസ് പിതാവ് പറഞ്ഞു.
ചടങ്ങിന് ശ്രുശ്രൂഷാ ഡയറ്കടർ ഫാ.ഏ.ആർ ജോൺ സ്വാഗതം ആശംസിച്ചു. കാഴ്ച പരിമിതിതരുടെ പ്രതിനിധികളായി ശ്രീ. കലിസ്റ്റസ്, കുമാരി. റോസി എന്നിവർ ആശംസകൾ അർപ്പിച്ചു. കെസിബിസി പ്രോലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് നന്ദി പറഞ്ഞു. കാഴ്ച പരിമിതിതരുടെ ഇടയിൽ നിന്നും വിവിധ മേഖലയിലെ പ്രഗത്ഭരെ ആദരിച്ചു. അഞ്ജിത (സംഗീതാദ്ധ്യാപിക, അന്ധവിദ്യാലയം) അമൽ രാജ് (സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം ശാസ്ത്രീയ സംഗീത ജേതാവ്), റോസി (ബിരുദ വിദ്യാർത്ഥിനി ) സിജോ (കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമംഗം) ക്രിസ്തുദാസ് (ഒൻപതു മക്കളുടെ പിതാവ്) എന്നിവരെ ആദരിച്ചു. കാഴ്ച പരിമിതിതരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും കലാപരിപാടികളും നടത്തി. സംഗമത്തിനു മുമ്പ് ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന അതിരൂപതാ മെത്രാപ്പോലീത്ത സൂസപാക്യം പിതാവിനെ കാഴ്ച പരിമിതിതരുടെ സംഘം സന്ദർശിച്ചു.
