News - 2025

മാര്‍പാപ്പ തായ്‌ലാന്റ് മണ്ണില്‍: ത്രിദിന സന്ദര്‍ശനത്തില്‍ പരിഭാഷകയാകുന്നത് പാപ്പയുടെ ബന്ധു

സ്വന്തം ലേഖകന്‍ 21-11-2019 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഏഷ്യൻ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ തായ്ലന്‍ഡിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഹൃദ്യമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. പതിനൊന്നു മണിക്കൂര്‍ വിമാനയാത്രയ്ക്കു ശേഷം ഇന്നലെ ഉച്ചയോടെ ബാങ്കോക്കിലെത്തിയ മാര്‍പാപ്പയെ ആദ്യം വരവേറ്റത് പാപ്പയുടെ ബന്ധുവും സലേഷ്യൻ സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ അനാറോസാ സിവേരിയായിരിന്നു. തായ്‌ലാന്റിലെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മാര്‍പാപ്പയുടെ പരിഭാഷക സിസ്റ്റര്‍ സിവേരിയാണെന്നത് ശ്രദ്ധേയമാണ്. എഴുപത്തേഴുകാരിയായ സിസ്റ്റര്‍ സിവേരി 1960 മുതല്‍ തായ്ലന്‍ഡിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയാണ്.

തായ്‌ലന്‍റിലെ പതിനൊന്നു രൂപതകളെ പ്രതിനിധീകരിച്ച് 11 കുട്ടികള്‍ അദ്ദേഹത്തെ പുഷ്പഹാരം നല്‍കി സ്വീകരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി സോംകിഡും ഉദ്യോഗസ്ഥരും എത്തി. ബിഷപ്പുമാരും വൈദികരും വിമാനത്താവളത്തില്‍ മാര്‍പാപ്പയെ വരവേല്ക്കാനെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി ഛന്‍ ഓച, ബുദ്ധമതക്കാരുടെ ആചാര്യന്‍ സോംദെജ്, മഹാ വജ്രലോംഗോണ്‍ രാജാവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തായ്‌ലാന്റ് നേരിടുന്ന മനുഷ്യക്കടത്ത്, ലൈംഗിക വിനോദസഞ്ചാരം എന്നീ സമകാലീന പ്രശ്നങ്ങള്‍ പാപ്പ തന്‍റെ അപ്പസ്തോലിക യാത്രയില്‍ അഭിസംബോധന ചെയ്യും. നവംബര്‍ 23 ശനിയാഴ്ച മദ്ധ്യാഹ്നത്തോടെ തായിലന്‍റിലെ പരിപാടികള്‍ക്കു തിരശ്ശീല വീഴും. 1669-ല്‍ വത്തിക്കാന്‍ തായ്ലന്‍റിലെ ജനതയുമായി “സിയാം മിഷന്‍” എന്ന പേരില്‍ നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെ മുന്നൂറ്റിയന്‍പതാം വാര്‍ഷികം അവസരമാക്കിയാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം. “ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ പ്രേഷിതരാണ്” (Disciples of Christ missionary Disciples) എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം.

Posted by Pravachaka Sabdam on 

Related Articles »