Life In Christ - 2025

ആദ്യകാല മിഷ്ണറിമാരുടെ പാത പിന്തുടരാൻ തായ്‌ലന്‍റിലെ കത്തോലിക്ക വിശ്വാസികളെ ക്ഷണിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 22-11-2019 - Friday

ബാങ്കോക്ക്: ആദ്യകാല മിഷണറിമാരുടെ പാത പിന്തുടരാൻ തായ്‌ലാന്‍റിലെ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ ദൈവ സ്നേഹത്തെപ്പറ്റി പറയാൻ വെമ്പൽ കൊണ്ടിരുന്നവരായിരുന്നുവെന്നും ദൈവത്തിന്റെ പദ്ധതി അവർ പൂർണ്ണമായും മനസ്സിലാക്കിയെന്നും തായ്‌ലാന്‍റിലെ സമൂഹമാണ് തങ്ങളുടെ കുടുംബമെന്ന് അവർ തിരിച്ചറിഞ്ഞുവെന്നും പാപ്പ ഇന്നലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു.

ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും അതിന് പ്രത്യുത്തരം നൽകുകയും ചെയ്തപ്പോൾ രക്തബന്ധം, വംശീയത, സംസ്കാരം തുടങ്ങിയവയെ അടിസ്ഥാനമാക്കാത്ത ഒരു കുടുംബത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധ്യം അവർക്ക് ലഭിച്ചു. പരിശുദ്ധാത്മാവിന്റെ പ്രേരണ സ്വീകരിച്ച് സുവിശേഷം കൊണ്ടുവന്ന പ്രതീക്ഷ ബാഗുകളിൽ നിറച്ച് അവർക്കറിയാത്ത കുടുംബാംഗങ്ങളെ തേടി അവർ യാത്രയായെന്ന് മിഷ്ണറിമാരുടെ ത്യാഗോജ്വലമായ ചരിത്രത്തെ സ്മരിച്ച് മാർപാപ്പ പറഞ്ഞു.

ജീവസ്സുള്ള വിശ്വാസികളായ എല്ലാ ക്രൈസ്തവരും മിഷ്ണറി പ്രവർത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. തായ്‌ലാന്‍റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ദേശീയ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പതിനായിരകണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് തായ്‌ലാന്‍റിൽ മിഷ്ണറിമാരെത്തുന്നത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു കഴിയുന്ന അനേകം പേര്‍ ഇന്ന്‍ രാജ്യത്തുണ്ട്. അതേസമയം പാപ്പയുടെ തായ്‌ലാന്‍റ് സന്ദര്‍ശനം നാളെ സമാപിക്കും. തുടര്‍ന്നു പാപ്പ ജപ്പാനിലേക്ക് തിരിക്കും.


Related Articles »