India - 2025
ഫാ. വില്‍സണ്‍ കൊറ്റത്തിലിന് തിങ്കളാഴ്ച നാടിന്റെ അന്തിമോപചാരം
23-11-2019 - Saturday
കോട്ടയം: വൈവിധ്യമാര്‍ന്ന മേഖലകളിലെ അനുപമ സേവനങ്ങള്‍ക്ക് അപ്രതീക്ഷിതമായ വിരാമംനല്‍കി യാത്രയായ ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എംഎസ്എഫ്എസിന് തിങ്കളാഴ്ച നാടിന്റെ അന്തിമോപചാരം. പ്രതിഭയ്‌ക്കൊപ്പം സ്‌നേഹവും അറിവും ആത്മീയശുദ്ധിയും പകര്‍ന്ന് അനേക ഹൃദയങ്ങളെ ജ്വലിപ്പിച്ച വില്‍സനച്ചന്റെ അകാല വേര്‍പാടു സ്വദേശത്തും വിദേശത്തും ആയിരങ്ങള്‍ക്കു നൊന്പരമായി. ഈ മാസം ഏഴിന് ബ്രിട്ടനില്‍ നിര്യാതനായ ഫാ.വില്‍സണ്‍ കൊറ്റത്തിലിന്റെ മൃതദേഹം തിങ്കളാഴ്ച ഏറ്റുമാനൂര്‍ എംഎസ്എഫ്എസ് സെമിനാരിയോടു ചേര്‍ന്ന സെമിത്തേരിയില്‍ സംസ്‌കരിക്കും.
കോട്ടയം ആറുമാനൂര്‍ കൊറ്റത്തില്‍ പരേതരായ കെ.ജെ. ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും 16 മക്കളില്‍ 14ാമനായി 1968 ഏപ്രില്‍ 12നായിരുന്നു ജനനം. ആറുമാനൂര്‍ ഗവണ്‍മെന്റ് എല്‍പിഎസ്, കോട്ടയം എംടി സെമിനാരി സ്‌കൂള്‍, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് 1996 ഏപ്രില്‍ 11ന് എംഎസ്എഫ്എസ് സഭയില്‍ വൈദികനായി. കൊടൈക്കനാല്‍ െ്രെകസ്റ്റ് കോളജില്‍നിന്നു മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി അതിരൂപതയുടെ സന്ദേശ് ഇന്‍സ്റ്റിറ്റിയൂട്ട്, എസ്ബി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.
എംഎസ്എഫ്എസ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍, കര്‍ണാടകത്തിലെ ഹെബഗുഡി സെന്റ് ഫ്രാന്‍സിസ് ഡി സാലസ് കോളജ് മാനേജര്‍, കോഴിക്കോട് ജ്യോതിനിലയ ഡയറക്ടര്‍, ആലുവ എംഎസ്എഫ്എസ് വിദ്യാമന്ദിരം സുപ്പീരിയര്‍, ഹെബഗുഡി എംഎസ്എഫ്എസ് ഈവനിംഗ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു മീഡിയ കമ്യൂണിക്കേഷന്‍സില്‍ ഡോക്ടറേറ്റ് നേടി. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വില്ലേജില്‍ മൂന്നു വര്‍ഷം പ്രിന്‍സിപ്പലായിരുന്നു. 2017 മുതല്‍ ബ്രിട്ടനില്‍ ആത്മീയ ശുശ്രൂഷയിലായിരുന്നു. കെറ്ററിംഗ് സെന്റ് എഡ്വേഡ് പള്ളി വികാരിയും സീറോ മലബാര്‍ സെന്റ് ഫൗസ്റ്റീന മിഷന്‍ കോഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരുന്നതിനിടെയാണ് നിര്യാണം.
നാളെ ഉച്ചയ്ക്ക് 12നു മൃതദേഹം ആറുമാനുര്‍ കൊറ്റത്തില്‍ വസതിയില്‍ എത്തിച്ചു തിങ്കളാഴ്ച രാവിലെ ആറു വരെ പൊതുദര്‍ശനത്തിനു വയ്ക്കും. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആറുമാനൂര്‍ പള്ളി വികാരി ഫാ. അലക്‌സ് പാലാമറ്റം കാര്‍മികത്വം വഹിക്കും. രാവിലെ 6.30നു കൊറ്റത്തില്‍ കുടുംബാംഗങ്ങളായ വൈദികരുടെ കാര്‍മികത്വത്തില്‍ ആറുമാനൂര്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. 7.45നു മൃതദേഹം ഏറ്റുമാനൂര്‍ എംഎസ്എഫ്എസ് സെമിനാരിയിലെത്തിച്ച് 10 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി കൂറ്റനാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് സംസ്‌കാര ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
