India - 2024

'ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണം'

സ്വന്തം ലേഖകന്‍ 26-11-2019 - Tuesday

കോട്ടയം: സംസ്ഥാനത്തെ ക്രൈസ്തവ മതന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളില്‍ ഞായറാഴ്ച നടത്തിയ സമുദായ സംരക്ഷണ ദിനാചരണത്തിന്റെ അതിരൂപത തല ഉദ്ഘാടനം പുന്നത്തുറ സെന്റ്‌തോമസ് ഇടവകയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ വിവേചന രഹിതമായി വിതരണം ചെയ്യണമെന്നും അതിനു സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി റവ.ഡോ.ടോം പുത്തന്‍കളം, ഫാ. തോമസ് തുന്പയില്‍, ഫാ. സഖറിയാസ് കുന്നക്കാട്ടുതറ, ഫാ. അജോ കാവാലം, കത്തോലിക്ക കോണ്ഗ്രാസ് ഭാരവാഹികളായ രാജേഷ് ജോണ്‍, ജോയി പറപ്പുറം, ബിജോ തളിശേരി, ബന്നു കുന്നത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വ, തൃക്കൊടിത്താനം, ചങ്ങനാശേരി, തുരുത്തി, കോട്ടയം, കുടമാളൂര്‍, അതിരന്പുഴ, നെടുംകുന്നം, മണിമല, കുറന്പനാടം, കൊല്ലം, അന്പൂരി, തിരുവനന്തപുരം എന്നീ ഫൊറോനകളിലെ വിവിധ പള്ളികളില്‍ സമുദായ സംരക്ഷണ പ്രതിജ്ഞയും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി.

ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നടക്കും. വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിക്കും.


Related Articles »