India - 2025
കര്‍ഷക മഹാസംഗമത്തിന് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍: പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നു മാര്‍ ഞരളക്കാട്ട്
സ്വന്തം ലേഖകന്‍ 10-12-2019 - Tuesday
കണ്ണൂര്‍: ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കര്‍ഷക മഹാസംഗമം നടന്ന കളക്ടറേറ്റ് മൈതാനിയിലേക്കു ഇന്നലെ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പുതിയ കാലഘട്ടത്തില്‍ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ കളക്ടറേറ്റ് മൈതാനത്ത് എത്തിയ കര്‍ഷകരുടെ മുഖത്ത് പ്രകടമായിരുന്നു. മഹാസംഗമ സമ്മേളനത്തില്‍ പങ്കെടുത്ത ബിഷപ്പുമാരെ പാളത്തൊപ്പി നല്‍കിയാണ് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എംപിയും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ വേദിയിലെത്തിയിരുന്നു. കാര്‍ഷികവേഷത്തിലെത്തിയവര്‍ സംഗമം നടക്കുന്ന വേദിയുടെ മുന്നില്‍ ഇരുന്നു. ഇതിനിടയില്‍ സമ്മേളന നഗരിയില്‍നിന്ന് കര്‍ഷക മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.
കര്‍ഷകപ്രക്ഷോഭം ഈ മഹാസംഗമം കൊണ്ട് അവസാനിപ്പിക്കുകയില്ലെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകന്റെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ ഇതിനുള്ള പരിഹാരം കര്‍ഷകര്‍തന്നെ കാണുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
സമരത്തിനൊപ്പം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍നിന്നുള്ള എംപിമാരുടെ സഹായത്തോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്യും. കാര്‍ഷികവിഭവങ്ങള്‍ സംഭരിക്കുക, വിതരണം ചെയ്യുക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഫാക്ടറികള്‍ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കും. നാണ്യവിളകളെക്കാള്‍ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ആശംസാപ്രസംഗത്തില്‍ ഡിസിഎല്‍ കൊച്ചേട്ടന്‍ റോയി കണ്ണന്‍ചിറ, എകെസിസി ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, യൂത്ത് ഏഷ്യന്‍ പ്രസിഡന്റ് സിജോ അന്പാട്ട്, വിന്‍സെന്റ് ഡി പോള്‍ വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് ജോളി കാരക്കുന്നേല്‍, ഷുക്കൂര്‍ കണാജെ എന്നിവര്‍ പ്രസംഗിച്ചു.
