India - 2024

കേരളത്തിലെ കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പുവരുത്തണം: കെസിബിസി

പ്രവാചകശബ്ദം 03-10-2021 - Sunday

കൊച്ചി: പിഒസിയില്‍ ചേര്‍ന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനം കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ വലയുന്ന കേരള സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ കൂടുതല്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ക്കൊപ്പമാണ് സഭ. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള കുടിയേറ്റ കര്‍ഷകരുടെയും മലയോര ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെയും ഭാവി ഇരുളടഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരി ക്കുന്നതും, പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നതും, കാര്‍ഷിക വൃത്തി ദുഷ്‌കരമായി മാറിയിരിക്കുന്നതും, കടബാധ്യത വര്‍ദ്ധിക്കുന്നതും വലിയ ഒരു സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാനും, മലയോര കര്‍ഷകരുടെ സാഹചര്യങ്ങള്‍ മനസിലാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ബഫര്‍ സോണ്‍ പുനര്‍നിര്‍ണ്ണയം നടത്താന്‍ ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് സമീപവാസികളെയും അവരുടെ കൃഷിയിടങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികളും, കാര്‍ഷിക മേഖലയുടെ പുനഃരുദ്ധാരണത്തിന് ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്.

വലിയ അരക്ഷിതാവസ്ഥയിലും ഭീഷണികളിലും കഴിയുന്ന തീരദേശവാസികളുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന കടലാക്രമണങ്ങള്‍, തീരശോഷണം എന്നിവമൂലം അപകടാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണം. ചെല്ലാനം വലിയതുറ പോലുള്ള വിവിധ മേഖലകളില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ശാശ്വത പരിഹാരം താമസംവിനാ ഒരുക്കപ്പെടണം. സര്‍ക്കാര്‍ തുടങ്ങിവച്ച ചെല്ലാനം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ബ്ലൂ ഇക്കോണമിയുടെ ഭാഗമായ പദ്ധതികള്‍ മല്‍സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതത്തില്‍ പ്രതിബന്ധമാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള വിവിധ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും, കാലങ്ങളായി ഒരു വലിയ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവുകയും വേണം.

ദളിത് ക്രൈസ്തവര്‍ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തണമെന്നും കേരളകത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മറ്റുള്ള പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദലിത് ക്രൈസ്തവ സംവരണത്തിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണം. ജനസംഖ്യാനുപാതികമായി അവര്‍ക്ക് ആനുകൂല്യങ്ങളും പരിഗണനകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെസിബിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Related Articles »