News - 2025
സ്വീഡനിൽ ദൈവമാതാവിന്റെ രൂപം തകർക്കപ്പെട്ട നിലയിൽ
സ്വന്തം ലേഖകന്‍ 10-12-2019 - Tuesday
സ്റ്റോക്ക്ഹോം: യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഹിസിൻജിനിൽ സ്ഥിതിചെയ്യുന്ന മേരി മഗ്ദലിൻ ദേവാലയത്തിൽ നിന്ന് കാണാതായ കന്യകാമറിയത്തിന്റെ രൂപം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള രൂപം മോഷണം നടന്ന പിറ്റേന്ന് ഒരു ട്രാൻസ്ഫോർമറിനു സമീപത്തുള്ള സ്റ്റോറേജ് റൂമിൽ നിന്നാണ് കണ്ടെത്തിയത്. ആറ് കഷണങ്ങളായി തകർക്കപ്പെട്ട നിലയിലായിരുന്നു മാതാവിന്റെ രൂപം കാണപ്പെട്ടത്. രൂപം പഴയപടി ഒരുമിച്ചു ചേർത്ത് അത് ഇരുന്ന സ്ഥലത്ത് തസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേരി മഗ്ദലിൻ ദേവാലയത്തിലെ പാരിഷ് അസിസ്റ്റന്റ് ചുമതലവഹിക്കുന്ന ഡോറിസ് വിന്നർബർഗ് പറഞ്ഞു.
തങ്ങൾ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും, ഒരുതവണ മോഷ്ടിക്കപ്പെട്ടതിനാൽ രൂപം ഇനിയും മോഷണം പോവാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമേ അത് തിരികെ സ്ഥാപിക്കുകയുള്ളൂവെന്നും വിന്നർബർഗ് കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും, ദേവാലയങ്ങളിലെ മോഷണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ഫ്രാൻസിൽ മാത്രം ശരാശരി മൂന്നു ക്രൈസ്തവ ദേവാലയങ്ങളാണ് ഓരോ ദിവസം ആക്രമിക്കപ്പെടുന്നത്.
