India - 2025
125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒന്‍പതു മുതല്‍
സ്വന്തം ലേഖകന്‍ 21-12-2019 - Saturday
തിരുവനന്തപുരം: 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെ മാരാമണ്‍ മണല്‍പ്പുറത്തു തയാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. ക്രമീകരണങ്ങൾക്കു തുടക്കം കുറിച്ചു കൺവെൻഷൻ നഗറിലേക്കുള്ള പാലത്തിന്റെ കാൽനാട്ട് കർമ്മം യുയാക്കീം മാർ കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരിന്നു.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്വര്‍ത്ത്, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പ് ഡിനോ ഗബ്രിയേല്‍, ഡല്‍ഹിയില്‍ നിന്നുള്ള റവ.ഡോ.മോണോദീപ് ഡാനിയേല്‍, ചെന്നൈയില്‍ നിന്നുള്ള റവ.ഡോ. ജോണ്‍ സാമുവല്‍ എന്നിവരാണ് 2020 കണ്‍വെന്‍ഷനിലെ മുഖ്യ പ്രാസംഗികര്‍. 2020ലെ മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലി ആഘോഷിക്കുകയാണെന്നു ജനറല്‍ കണ്‍വീനര്‍ റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് പത്രസമ്മേളനത്തില്‍ അറിയിച്ചു. 1895ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍ ദൈവവചനത്തിന്റെ പ്രഘോഷണ വേദിയാണെന്നും അദ്ദേഹം പറഞ്ഞു.