News

പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം

സ്വന്തം ലേഖകന്‍ 19-04-2016 - Tuesday

ലെഗ്നിക്ക: 2013 ലെ ക്രിസ്തുമസ്സ് ദിനത്തില്‍ പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെ വത്തിക്കാന്‍ അംഗീകരിച്ചു. വത്തിക്കാനില്‍ നിന്നും അംഗീകാരം ലഭിച്ച വിവരം, ലെഗ്നിക്ക രൂപതാ മെത്രാന്‍ സ്ബിന്യൂ കെര്‍നികൌസ്കിയാണ് വിശ്വാസികളെ അറിയിച്ചത്.

"തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ട രക്തതുള്ളികള്‍ വിശുദ്ധ കുര്‍ബാനയില്‍ നടക്കുന്ന രൂപാന്തരീകരണത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഈശോയുടെ രക്തതുള്ളികള്‍ പ്രത്യക്ഷപ്പെട്ട ഈ തിരുവോസ്തി വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാനും വണങ്ങുവാനുമായി രൂപതയിലെ തിരഞ്ഞെടുക്കപ്പെടുന്ന ദേവാലയത്തിൽ അവസരമുണ്ടാക്കും". ബിഷപ്പ് സ്ബിന്യൂ കെര്‍നികൌസ്കി പ്രസ്താവിച്ചു.

2013 ജനുവരിയിലാണ് ഈ അത്ഭുതം നടന്നത്. 2013 ലെ ക്രിസ്തുമസ്സ് ദിനത്തില്‍ ലെഗ്നിക്ക രൂപതയിലെ സെന്റ്‌ ജാക്ക് ദേവാലയത്തിൽ വച്ച് ദിവ്യ ബലി മദ്ധ്യേ, ആശീര്‍വദിച്ച തിരുവോസ്തി താഴെ വീഴുവാന്‍ ഇടയായി. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം വൈദികന്‍ ഈ തിരുവോസ്തി വെള്ളത്തില്‍ ലയിപ്പിക്കാന്‍ ഇട്ടു. ഉടനെ തന്നെ ഈ തിരുവോസ്തിയില്‍ നിന്നും രക്തത്തിന്റെ അംശങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിന്നു. ഈ അത്ഭുതം അന്ന് മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരിന്നു.

തുടര്‍ന്ന് പ്രസ്തുത സംഭവത്തെ കുറിച്ച് ആഴമായി പഠിക്കുവാന്‍ ലെഗ്നിക്ക രൂപതാ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. 2014 ഫെബ്രുവരിയില്‍ ഈ തിരുവോസ്തിയില്‍ നിന്നും ചെറിയ ഒരു ഭാഗം എടുത്ത് നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കി. തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ശേഷം ഫോറന്‍സിക് വിഭാഗം അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു.

1. ഈ തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെടുന്നു.

2. ഈ മസില്‍ ഭാഗങ്ങള്‍ ഒരു 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണ്.

3. ഈ തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ടത് 'വേദനിക്കുന്ന' മനുഷ്യഹൃദയത്തിന്‍റെ ഭാഗങ്ങളാണ്.

2016 ജനുവരിയില്‍ പുറത്തു വന്ന ഗവേഷണ ഫലങ്ങള്‍ വത്തിക്കാന്‍റെ അംഗീകാരത്തിനായി ലെഗ്നിക്ക രൂപത സമര്‍പ്പിച്ചിരിന്നു. ഇതേ തുടര്‍ന്നു വത്തിക്കാന്‍റെ 'Congregation For The Doctrine Of The Faith' ഇതിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും ഈ തിരുവോസ്തി വിശ്വാസികള്‍ക്ക് ആരാധിക്കുന്നതിനും വണങ്ങുന്നതിനുമായി പ്രത്യേക സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരിന്നു.

ഓരോ ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളിലായി അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് നടക്കുന്നത്. ഓരോ ദിവ്യബലിയിലും മനുഷ്യനിര്‍മ്മിതമായ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. മാറ്റമില്ലാതെ നടക്കുന്ന ഈ അത്ഭുതങ്ങളുടെ അത്ഭുതത്തെ സത്യമാണെന്ന് ശാസ്ത്രം അംഗീകരിക്കുന്നത് ഇത് ആദ്യമല്ല. ക്രിസ്തുവിന് ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തവണ ഇതുപോലുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സംഭവിക്കുകയും അത് സത്യമാണെന്ന് ശാസ്ത്രം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

"യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (യോഹന്നാന്‍ 6:53-54).