News - 2025
ക്രൈസ്തവ അവഹേളനം: ബോളിവുഡ് താരങ്ങള്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ച് മാപ്പപേക്ഷ നടത്തി
സ്വന്തം ലേഖകന്‍ 31-12-2019 - Tuesday
അമൃത്സര്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ഷോയിലൂടെ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെ താരങ്ങളുടെ മാപ്പപേക്ഷ. ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ഹല്ലേലൂയയെ അപഹാസ്യമായി ചിത്രീകരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടന്‍, സിനിമാ നിര്‍മ്മാതാവും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍, കോമഡി താരമായ ഭാരതി സിങ്ങ് എന്നിവര്‍ക്കെതിരെ അമൃത്സറിലെ അജ്നാല പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് രവീണയും, ഫാറാ ഖാനും ക്യാപ്റ്റന്‍ ആല്‍വിന്‍ സല്‍ദാനക്കൊപ്പം ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ സന്ദര്‍ശിച്ച് മാപ്പപേക്ഷ നടത്തിയത്.
ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതില്‍ ഇരുവരും കര്‍ദ്ദിനാളിനോട് ക്ഷമ ചോദിച്ചു. ഭാരതി സിങ്ങ് രാജ്യത്തില്ലാത്തതിനാല്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള സൌണ്ട് റെക്കോര്‍ഡിംഗ് ഫറാ ഖാന്‍ കര്‍ദ്ദിനാളിനെ കേള്‍പ്പിച്ചു. ‘നമ്മള്‍ തെറ്റുകള്‍ ചെയ്യുമ്പോഴും യേശു നമ്മെ സ്നേഹിക്കുകയാണെന്നും, നമ്മെ ശിക്ഷിക്കുന്നതിന് പകരം നമ്മോടു ക്ഷമിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ ഇരുവര്‍ക്കും ആശീര്‍വ്വാദം നല്‍കി പ്രാര്‍ത്ഥിച്ചു. ക്രൈസ്തവ വികാരം വൃണപ്പെടുത്തിയതിന് ട്വിറ്റര്‍ വഴിയും താരങ്ങള്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.
തങ്ങള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രവീണ ട്വിറ്ററിലൂടെ നടത്തിയ ക്ഷമാര്‍പ്പണത്തില്‍ പറയുന്നത്. തന്റെ ഷോയുടെ സമീപ എപ്പിസോഡിലെ ചില പരാമര്‍ശങ്ങള്‍ ചിലരെ വേദനിപ്പിച്ചു എന്നറിയുന്നതില്‍ ഖേദമുണ്ടെന്നും, പരിപാടിയുടെ മുഴുവന്‍ ടീമിനുവേണ്ടിയും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫറാ ഖാന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ അജ്നാല ബ്ലോക്കിലെ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ പ്രസിഡന്റായ സോനു ജാഫര്‍ ടി.വി ഷോയുടെ വീഡിയോക്കൊപ്പം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്നാല പോലീസ് കേസെടുത്തത്. ഏതെങ്കിലും മതത്തേയൊ, മതവിശ്വാസത്തേയോ അവഹേളിക്കുകയോ ചെയ്യുന്ന മനപൂര്‍വ്വമുള്ള പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-A ആണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.