Monday Mirror - 2025

പ്രതീക്ഷകള്‍ക്കുമപ്പുറം യേശു ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു

ഓമന മേനോന്‍ 21-04-2016 - Thursday

തൊടുപുഴയ്ക്കടുത്ത തുടങ്ങനാട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ജനസംഖ്യയില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ക്രിസ്ത്യാനികള്‍. വെറും ക്രിസ്ത്യാനികളല്ല, പാരമ്പര്യമായിത്തന്നെ റോമന്‍ കത്തോലിക്കര്‍. അയല്‍പക്കങ്ങളിലെല്ലാം യാഥാസ്ഥിതികരായ ക്രൈസ്തവര്‍. മിക്കവീടുകളിലും കൂടെപ്പഠിച്ചവരില്‍ പലരും അച്ചന്മാരാകാനും, കന്യാസ്ത്രീകള്‍ ആകാനും പോയി. ഈ കുടുംബങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലും സഹവാസത്തിലും കഴിഞ്ഞതുകൊണ്ട് കുട്ടിക്കാലം മുതല്‍ യേശുവിലായിരുന്നു വിശ്വാസം. പള്ളിവക സ്കൂളിലാണ് പഠിച്ചത്. പ്രൈമറിക്ലാസില്‍ വച്ചു തന്നെ ഡാന്‍സ്, സംഗീതം എല്ലാം പരിശീലിച്ചു. കന്യാസ്ത്രീകളായ അദ്ധ്യാപകരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെ ദിവസവും കുരിശുവരയ്ക്കാനും പ്രാര്‍ത്ഥിക്കാനും അങ്ങനെ പരിശീലിച്ചു.

മാതാപിതാക്കളും സഹോദരങ്ങളും ഹിന്ദുക്കളായിരുന്നുവെങ്കിലും ഉറച്ച വിശ്വാസികളൊന്നുമായിരുന്നില്ല. അമ്മ ക്ഷേത്രത്തില്‍ പോകും. പള്ളിയില്‍ പോയി തിരി കത്തിക്കുകയും കഴുന്ന് (അമ്പ്) എഴുന്നള്ളിക്കുകയും ചെയ്യും. എന്‍റെ വിശ്വാസത്തെയോ പ്രാര്‍ത്ഥനയെയോ ആരും എതിര്‍ത്തിരുന്നുമില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് അവിശ്വാസിയാണെന്നറിഞ്ഞപ്പോള്‍, പ്രത്യേകിച്ച് വിഷമമോ വേദനയോ ഒന്നും തോന്നിയില്ല. എന്‍റെ നിലപാടു പറഞ്ഞു. അദ്ദേഹം അതനുവദിക്കുകയും ചെയ്തു. അവിശ്വാസിയും കമ്മ്യുണിസ്റ്റു അനുഭാവിയുമായിരുന്നെങ്കിലും എന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്തില്ല.

രണ്ടു കാരണങ്ങള്‍ കൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കാനദ്ദേഹം ഒരുക്കമായിരുന്നില്ല. ഒന്ന്‍- കമ്മ്യൂണിസ്റ്റ് വിശ്വാസം, രണ്ട്- ഹിന്ദുമതം. ക്രിസ്തുമതത്തേക്കാള്‍ കൂടുതല്‍ തത്വാധിഷ്ഠിതമാണ് ഹിന്ദുമതമെന്നദ്ദേഹം വാദിച്ചു. വാദിച്ച് ജയിക്കാനുള്ള അറിവെനിക്കില്ലാതിരുന്നതു കൊണ്ട് ഞാനൊന്നും പറയാന്‍ പോയില്ല. എങ്കിലും ഞാന്‍ പ്രാര്‍ത്ഥനയും ഉപവാസവുമൊക്കെ തുടര്‍ന്നു. നല്ല ഉദ്യോഗം, നല്ല ശമ്പളം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നുവെങ്കിലും മദ്യപാനമുണ്ടായിരുന്നില്ല. പതിനൊന്നു വര്‍ഷം ഒരു പ്രശ്നവുമില്ലാതെ കഴിഞ്ഞു പോയി. പിന്നീടാണ് അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുന്നത്. അതോടെ പ്രശ്നവും തുടങ്ങി. മദ്യപാനവും പുകവലിയും തുടങ്ങി.

പ്രാര്‍ത്ഥിക്കാനും കരയാനുമല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിച്ചു. ഉപവസിച്ചു. ആറു വര്‍ഷം അദ്ദേഹത്തെ സ്പര്‍ശിക്കുവാന്‍ കര്‍ത്താവിനോടപേക്ഷിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. താമസിയാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവിശ്വാസിയായിരുന്ന എന്റെ ഭര്‍ത്താവ് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. മദ്യപാനത്തിനോ പുകവലിക്കോ ഒരു കുറവും കണ്ടില്ല. എങ്കിലും ആള്‍ മൗനമായി എന്തൊക്കെയോ ചിന്തിക്കുന്നതു കാണാമായിരുന്നു. എത്ര മദ്യപിച്ചു വന്നാലും അധികമായി ഞാനൊന്നും പറഞ്ഞിരുന്നില്ല. (എങ്കിലും എന്‍റെ മൗനം അദ്ദേഹത്തെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു.)

അങ്ങനെയിരിക്കുമ്പോള്‍ വളരെ അപ്രതീക്ഷിതമായിട്ടാണതു സംഭവിച്ചത്. '92 ജൂണ്‍ 27-ാം തീയതി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ഞാനുറങ്ങിയില്ല. അദ്ദേഹം കട്ടിലിലെഴുന്നേറ്റിരുന്നു. മൗനമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എങ്കിലും ചിലപ്പോള്‍ ചില വാക്കുകള്‍ തെളിഞ്ഞു കേള്‍ക്കാമായിരുന്നു. ഭര്‍ത്താവ് യേശുവിനോടാണു പ്രാര്‍ത്ഥിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എനിക്ക് മനസ്സു നിറഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നു തോന്നി. എങ്കിലും ഞാന്‍ നിശബ്ദയായിക്കിടന്നു. കുറേനേരം പ്രാര്‍ത്ഥിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അദ്ദേഹം കിടന്നു.

എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനെഴുന്നേറ്റു പോയി, അടുത്ത മുറിയില്‍ ഞാന്‍ വച്ചു പ്രാര്‍ത്ഥിച്ചിരുന്ന കുരിശിന്‍റെ മുന്നിലേക്ക് മെഴുകുതിരികള്‍ കത്തിച്ച് മുട്ടുകുത്തി കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ജോലി നഷ്ടമായതും തുടര്‍ന്നനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുണ്ടായ ആശങ്കയും എല്ലാം ഞാന്‍ മറന്നു. മതിമറന്നു ഞാന്‍ ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും വന്നെന്‍റെ സമീപത്തു മുട്ടുകുത്തി. ഞങ്ങള്‍ കൈകള്‍ കോര്‍ത്തുപിടിച്ചു പ്രാര്‍ത്ഥിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുടുംബപ്രാര്‍ത്ഥനയായിരിന്നു അത്.

പിറ്റേദിവസം! എന്നും രാവിലെ 7-30-ന് കൃത്യമായി മദ്യശാലയിലേക്ക്‌ പോയിരുന്ന അദ്ദേഹം വീടുവിട്ടു പോയില്ല. എന്താണ് പോകാത്തതെന്നു ഞാന്‍ ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചതേയുള്ളൂ. ആറുമാസം കടന്നുപോയി അങ്ങനെയിരിക്കുമ്പോഴാണ്, പോട്ടയിലും ഡിവൈനിലും ആളുകളെ ധ്യാനത്തിനു കൊണ്ടുപോകുന്നത് ഒരു പ്രേഷിതവൃത്തിയായി ചെയ്തിരുന്ന 'അപ്പച്ചന്‍' എന്ന സഹോദരന്‍ വീട്ടില്‍ വരുന്നതും ഞങ്ങളെ നിര്‍ബന്ധിച്ച് ധ്യാനത്തിനു കൊണ്ടുപോകുന്നത്. ആദ്യമൊന്നും ഭര്‍ത്താവ് സമ്മതിച്ചില്ല. അവസാനം എന്‍റെ താത്പര്യത്തിന് മനസ്സില്ലാ മനസ്സോടെ വഴങ്ങിയാണ് അദ്ദേഹം ധ്യാനം കൂടിയത്. 1992 ഡിസംബര്‍ ആദ്യവാരത്തിലെ ധ്യാനം.

ഇരുപത്തി നാലു വര്‍ഷമായി തുടരുന്ന ഒരു വലിയ പ്രേഷിത വേലയ്ക്കു വേണ്ടിയുള്ള വിളിയായിരുന്നു അത്. മനസ്സിലും കുടുംബത്തിലും പ്രാര്‍ത്ഥനയിലും മനസ്സു തുറന്ന പങ്കുവയ്പിലും ജീവിക്കുന്ന മാതൃകാ കുടുംബമായി മാറാന്‍ ഞങ്ങളെ ദൈവം അനുവദിച്ചു. ഭൗതിക നേട്ടങ്ങള്‍ എടുത്തു പറയുന്നത് ഒരു വില കുറഞ്ഞ നടപടിയായേക്കാം. എങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമാം വിധം അത്ഭുതകരമാണ്. ധ്യാനത്തിനു മുമ്പ് ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു നീങ്ങിയിരുന്ന എന്‍റെ ഇന്‍ഷുറന്‍സ് ഏജന്‍സി പെട്ടെന്ന്‍ അഭിവൃദ്ധി പ്രാപിച്ചു.

മൂത്ത മകള്‍ റാണിയ്ക്കു ബി.എസ്.സി.നേഴ്സിംഗിന് മെറിറ്റടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ അവള്‍ പിന്തള്ളപ്പെട്ടു പോയിരുന്നതാണ്. അത്ഭുതകരമായി ഗവണ്മെന്‍റ് നിഷ്കൃഷ്ടമായ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതു കൊണ്ടു മാത്രമാണ് അവള്‍ക്ക് കിട്ടിയത്. അവളുടെ കോഴ്സ് 97 ജനുവരിയില്‍ പൂര്‍ത്തിയായി. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവള്‍ക്ക് ജോലിയും കിട്ടി. '99-ല്‍ അവളുടെ വിവാഹം നടന്നു. ചെറു പ്രായത്തില്‍ തന്നെ ആത്മീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വിശ്വാസിയായ ഒരു യുവാവ്, ജീവിതം കര്‍ത്താവിന്‍റെ സ്തുതിഗീതങ്ങള്‍‍ക്കായി ഉഴിഞ്ഞുവച്ച ഗായകന്‍, സംഗീത സംവിധായകന്‍, പോരെങ്കില്‍ ദുബായില്‍ റേഡിയോ സ്റ്റേഷനില്‍ ജോലിയും കര്‍ത്താവിന്‍റെ അത്ഭുതകരമായ പരിപാലനയില്‍ വളരെ അനായാസമായി ആ വിവാഹം നടന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മകളും ദുബായിലേക്ക് പറന്നു. അവിടെ മികച്ച ജോലിയും കിട്ടി. ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ രണ്ടു കുട്ടികളുടെ മുത്തശ്ശിയായി. ഇപ്പോള്‍ മകളും മരുമകനും കൂടുതല്‍ നല്ല ജോലി ലഭിച്ച് അമേരിക്കയിലേക്കു പോകുന്നു. അവര്‍ രണ്ടുപേരും പൂര്‍ണ്ണമായി സമര്‍പ്പിതരാണ്. ഉപജീവനത്തിനുള്ള ജോലി ദൈവ മഹത്വത്തിനായി ചെയ്യുന്നവരാണ്. എവിടെപ്പോയാലും അവര്‍ സുരക്ഷിതരായിരിക്കും.

രണ്ടാമത്തെ മകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തന്നെ പൂര്‍ത്തിയാക്കി, കേന്ദ്രഗവണ്മെന്‍റ് സ്ഥാപനത്തില്‍ അര്‍ഹതാ പരീക്ഷയില്‍ തോറ്റുപോയ അവള്‍ക്ക് ഞങ്ങളാരുമറിയാതെ ഒരു പ്രത്യേക പരിഗണനയില്‍ പ്രവേശനം നല്‍കപ്പെടുകയായിരുന്നു. അത്ഭുതകരമായി ഇന്ന് അവള്‍ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ ജോലി നോക്കുന്നു. യഥാസമയം തന്നെ അവളുടെയും വിവാഹം കഴിഞ്ഞു. അവളെ വിവാഹം കഴിച്ചതും ഒരു സുവിശേഷ ഗായകന്‍ തന്നെ. അയാള്‍ ചലച്ചിത്രങ്ങളില്‍ സംഗീത സംവിധായകനായും പേരെടുത്തു കഴിഞ്ഞു

(അറിയപ്പെടുന്ന സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫിനെ പറ്റിയാണ് ഓമന വിവരിക്കുന്നത്).

ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ച് അനുഗ്രഹം പ്രാപിച്ച മക്കള്‍! ആത്മീയ വേദികളില്‍ തന്നെ പ്രസിദ്ധരായ മരുമക്കള്‍! വചന പ്രഘോഷകനും ധ്യാനഗുരുവുമായ ഭര്‍ത്താവ്, വാര്‍ദ്ധക്യത്തിനു മുമ്പ് മധ്യവയസ്സില്‍ തന്നെ മൂന്നാം തലമുറയെ - കൊച്ചു മക്കളെ കാണാനുള്ള ഭാഗ്യം! പക്ഷെ എന്‍റെ ജീവിതത്തിലെ പ്രസക്തമായ സാക്ഷ്യം ഇതൊന്നുമല്ല. ഈ സൗഭാഗ്യങ്ങളൊക്കെ നേടുന്നതില്‍ ഞങ്ങളുടെ അധ്വാനം ലവലേശമില്ല. പ്രാര്‍ത്ഥനയൊഴികെ എല്ലാമെല്ലാം കര്‍ത്താവിന്‍റെ അനന്തമായ അളവില്ലാത്ത കൃപ മാത്രം.

(അരവിന്ദാക്ഷ മേനോന്‍റെ ജീവിതസാക്ഷ്യം വായിക്കാൻ താഴെ click ചെയ്യുക)

ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക

ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു

ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല

ഭാഗം 4: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു


Related Articles »