Life In Christ - 2025

അരൂപിനിറഞ്ഞ സുവിശേഷകര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍: ഫ്രാന്‍സിസ് മാര്‍പാപ്പാ

സ്വന്തം ലേഖകൻ 27-07-2015 - Monday

അരൂപിനിറഞ്ഞ സുവിശേഷകര്‍ എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍ എന്നാണര്‍ത്ഥമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. "പന്തക്കുസ്തയില്‍, പരിശുദ്ധാത്മാവ് ശ്ലീഹന്‍മാരെ തങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കു പോകുന്നവരാക്കുകയും ഓരോ വ്യക്തിയോടും അവന്‍റെ അല്ലെങ്കില്‍ അവളുടെ ഭാഷയില്‍ സംസാരിക്കുവാനുള്ള പ്രാപ്തിയോടെ ദൈവത്തിന്‍റെ വിസ്മയനീയമായ പ്രവര്‍ത്തികളുടെ സന്ദേശവാഹകരായി അവരെ മാറ്റുകയും ചെയ്തു. ഏതു സമയത്തും സ്ഥലത്തും, എതിര്‍പ്പുള്ളപ്പോള്‍പ്പോലും സുവിശേഷത്തിന്‍റെ നവീനത്വം ധീരതയോടെ(Parrhesia) പ്രഘോഷിക്കുവാനുള്ള കഴിവും പരിശുദ്ധാത്മാവ് നല്‍കുന്നു.

പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നമുക്കിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കാം;. കാരണം, പ്രാര്‍ത്ഥനയില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനമെല്ലാം ഫലരഹിതവും നമ്മുടെ സന്ദേശം പൊള്ളയുമാകാനുള്ള അപകട സാധ്യതതയുണ്ട്. വാക്കുകള്‍കൊണ്ടു മാത്രമല്ല, എല്ലാറ്റിലുമപരി ദൈവസാന്നിധ്യത്താല്‍ രൂപാന്തരപ്പെട്ട ഒരു ജീവിതംകൊണ്ട് സദ്വാര്‍ത്ത പ്രഘോഷിക്കുന്ന സുവിശേഷകരെയാണ് യേശുവിനാവശ്യം.

എന്തെങ്കിലും ഒന്ന് "ആത്മാവു നിറഞ്ഞത് " ആണെന്ന് പറയുമ്പോഴൊക്കെ, പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പരിപുഷ്ടമാക്കുകയും നമ്മുടെ വ്യക്തിപരവും സാമൂദായികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുകയും ചെയ്യുന്ന ചില ആന്തരിക പ്രചോദനങ്ങളെയാണ് അതു സാധാരണയായി സൂചിപ്പിക്കുന്നത്. ഒരാളുടെ വ്യക്തിപരമായ ചായുവുകളോ ആഗ്രഹങ്ങളോ കണക്കിലെടുക്കാതെ ഒരു കൂട്ടം ദൗത്യങ്ങള്‍ ചുമതലാബോധത്തോടെ ചെയ്തുതീര്‍ക്കുന്നതല്ല, അരൂപി നിറഞ്ഞ സുവിശേഷവത്ക്കരണം. ആവേശവും,ആനന്ദവും, ഉദാരതയും,ധീരതയും അതിരറ്റ സ്നേഹവും ആകര്‍ഷണവും നിറഞ്ഞ സുവിശേഷവത്ക്കരണത്തിന്‍റെ പുതിയൊരു അധ്യായത്തിനായി ഉത്സാഹമുണര്‍ത്തുന്നതിന് പറ്റിയ വാക്കുകള്‍ കണ്ടെത്താന്‍ ഞാന്‍ എത്രയോ ആഗ്രഹിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നില്ലെങ്കില്‍ പ്രോത്സാഹനത്തിന്‍റെ ഒരു വാക്കുകൊണ്ടും കാര്യമില്ല. അരൂപി നിറഞ്ഞ സുവിശേവത്ക്കരണം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒന്നാണ്; കാരണം, സുവിശേണം പ്രോഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ ആത്മാവാണ് അവിടുന്ന്.

സഭയെ നവീകരിക്കാനും സകല ജനതകളെയും സുവിശേഷവത്കരിക്കാന്‍ ധീരമായി ഇറങ്ങിപ്പുറപ്പെടുന്നതിന് അവളെ ചലിപ്പിക്കുവാനും നിര്‍ബന്ധിക്കുവാനും ഞാന്‍ അവിടുത്തോട് അപേക്ഷിക്കുന്നു.

നാം പ്രേഷിതരാണെങ്കില്‍ അത് പ്രാഥമികമായും യേശു നമ്മോട് ഇങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്: "നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവു മഹത്ത്വപ്പെടുന്നു".(യോഹ. 15:8). നമ്മൂടെ എല്ലാ മുന്‍ഗണനകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമപ്പുറം, നമ്മുടെ അറിവിനും, പ്രചോദനങ്ങള്‍ക്കുമപ്പുറം, നമ്മെ സ്നേഹിക്കുന്ന പിതാവിന്‍റെ ഉപരിമഹത്ത്വത്തിനായി നമ്മള്‍ സുവിശേഷവത്കരണം നടത്തുന്നു.

യേശുവിനെ അറിയുക എന്നതും അവിടുത്തെ അറിയാതിരിക്കുന്നതും ഒന്നല്ലെന്ന് വ്യക്തിപരമായ അനുഭവംകൊണ്ട് നമുക്കു ബോധ്യംവരുന്നില്ലെങ്കില്‍ ഊര്‍ജസ്വലമായ സുവിശേഷവത്കരണത്തില്‍ നിലനില്‍ക്കുക അസാധ്യമാണ്. അതുപോലെതന്നെ യേശുവുമൊത്ത് നടക്കുകയെന്നതും അന്ധമായി നടക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ വാക്ക് കേള്‍ക്കുകയെന്നതും അത് അറിയാതിരിക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ ധ്യാനിക്കുകയും ആരാധിക്കുകയും അവിടുന്നില്‍ നമ്മുടെ സമാധാനം കണ്ടെത്തുകയും ചെയ്യുകയെന്നതും അങ്ങനെ ചെയ്യാതിരിക്കുക എന്നതും ഒന്നല്ലെന്ന്, വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ബോധ്യംവരുന്നില്ലെങ്കില്‍ സുവിശേഷവത്ക്കരണത്തില്‍ തുടരാനാവില്ല. അവിടുത്തെ സുവിശേഷംകൊണ്ട് ലോകത്തെ കെട്ടിപ്പടുക്കുക എന്നതും നമ്മുടെതന്നെ പ്രകാശങ്ങള്‍കൊണ്ട് അതു ചെയ്യുവാന്‍ ശ്രമിക്കുക എന്നതും ഒന്നല്ല. യേശുവിനോടുകൂടെ ജീവിതം സമ്പന്നമാകുന്നുവെന്നും അവിടുത്തോടുകൂടെ എല്ലാറ്റിനും അര്‍ത്ഥം കണ്ടെത്തുക എളുപ്പമാണെന്നും നാം നന്നായി അറിയുന്നു. അതിനാലാണ് നാം സുവിശേഷവത്ക്കരണത്തിലേര്‍പ്പിട്ടിരിക്കുന്നത്.

യേശു തന്നോടൊപ്പം നടക്കുന്നുവെന്നും തന്നോടു സംസാരിക്കുന്നുവെന്നും തന്നോടൊത്തു ശ്വസിക്കുന്നുവെന്നും തന്നോടൊത്തു ജോലിചെയ്യുന്നുവെന്നും, അവിടുത്തെ ശിഷ്യനായിരിക്കുന്നതില്‍ ഒരിക്കലും വീഴ്ചവരുത്താത്ത ഒരു യഥാര്‍ത്ഥ പ്രേഷിതന്‍ അറിയുന്നു. പ്രേഷിതവേലയുടെ മധ്യത്തില്‍ യേശു തന്നോടൊത്ത് ജീവനുള്ളവനായിരിക്കുന്നുവെന്ന് അയാള്‍ക്കു മനസ്സിലാവുന്നു. നമ്മുടെ പ്രേഷിത പ്രതിബദ്ധതയുടെ ഹൃദയത്തില്‍ അവിടുന്നു സന്നിഹിതനായി നാം കാണുന്നില്ലെങ്കില്‍ നമ്മുടെ ഉത്സാഹം പെട്ടെന്നു ചുരുങ്ങിപ്പോവുകയും നാം കൈമാറുന്നത് എന്താണെന്നതിനെക്കുറിച്ച് നമുക്കുറപ്പില്ലാതാവുകയും ചെയ്യുന്നു. നമുക്കു വീര്യവും ആവേശവും നഷ്ടപ്പെടുന്നു". ബോധ്യമില്ലാത്ത, ഉത്സാഹഭരിതനല്ലാത്ത, ഉറപ്പില്ലാത്ത, സ്നേഹത്തിലല്ലാത്ത ഒരാള്‍ക്ക് ആരെയും ബോധ്യപ്പെടുത്താനാവില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ തന്‍റെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍ പറയുന്നു.