News - 2025
ഈജിപ്ഷ്യൻ സുൽത്താൻ-വിശുദ്ധ ഫ്രാൻസിസ് അസീസ്സി: കൂടിക്കാഴ്ചയുടെ എണ്ണൂറാം വാർഷികത്തിന് സമാപനം
സ്വന്തം ലേഖകന്‍ 21-01-2020 - Tuesday
ലാഹോര്‍: ഈജിപ്ഷ്യൻ സുൽത്താൻ മാലിക്ക് അൽ കാമിലും, വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും നടത്തിയ കൂടികാഴ്ചയുടെ എണ്ണൂറാം വാർഷിക ആഘോഷങ്ങൾക്ക് പാക്കിസ്ഥാനിലെ ലാഹോറിൽ സമാപനമായി. 1219-ലാണ് വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഈജിപ്ഷ്യൻ സുൽത്താനെ സന്ദർശിക്കുന്നത്. പ്രസ്തുത സന്ദർശനത്തിന്റെ ഓർമ്മയ്ക്കായിട്ട് നിരവധി പരിപാടികൾ രാജ്യത്തുടനീളം നടന്നിരുന്നു. സമാപന ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ക്രൈസ്തവ- മുസ്ലിം നേതാക്കളെത്തിയിരുന്നു. പാക്കിസ്ഥാനിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ക്രിസ്റ്റഫ് സാക്കിയ എൽ കാസിസ്, ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ മനുഷ്യാവകാശങ്ങൾക്കും, ന്യൂനപക്ഷങ്ങൾക്കുമായുള്ള പ്രാദേശിക മന്ത്രി ഇജാസ് ആലം അഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ സജീവമായി പങ്കെടുത്തു.
ഭീതിയുടെയും, അപകടത്തിന്റെയും അന്തരീക്ഷത്തിലാണ് സുൽത്താൻ, ഫ്രാൻസിസ് അസീസി കൂടിക്കാഴ്ച തുടങ്ങിയതെങ്കിലും, ഇരുവരുടെയും കൂടിക്കാഴ്ച സമാധാനത്തിലും, സൗഹൃദത്തിലുമാണ് അവസാനിച്ചതെന്ന് ആർച്ച് ബിഷപ്പ് ക്രിസ്റ്റഫ് സാക്കിയ സ്മരിച്ചു. സമാധാനവും, സഹവർത്തിത്വവും രൂപപ്പെടുത്തിയെടുക്കാനായി ഇരുവരുടെയും മാതൃകയിൽ നിന്ന് പ്രചോദനം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫ്രാൻസിസ് അസീസ്സി സുൽത്താനെ സന്ദർശിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഏതാനും വിദ്യാർഥികൾ ചേർന്ന് ഒരുക്കിയിരുന്നു.