Arts - 2025
തിരുപിറവിയുടെ മുഖമണിഞ്ഞ് അസീസ്സിയിലെ വിവിധ ദേവാലയങ്ങള്‍
പ്രവാചകശബ്ദം 15-12-2022 - Thursday
അസീസ്സി: വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ജന്മം കൊണ്ട് പ്രശസ്തിയാർജിച്ച ഇറ്റാലിയന്‍ നഗരമായ അസീസ്സി ക്രിസ്തുവിന്റെ ജനനം പ്രമേയമാക്കിയ വിവിധ ക്രിസ്തുമസ് പരിപാടികള്‍ കൊണ്ട് തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ക്രിസ്തുമസിന്റെ യഥാര്‍ത്ഥവും, നിഗൂഢവുമായ രഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുവാനും അറിയുവാനും അവസരമൊരുക്കുന്ന “ക്രിസ്തുമസ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ” പരിപാടി കാണുവാന്‍ നിരവധി തീര്‍ത്ഥാടകരാണ് അസീസ്സിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. 2022 ഡിസംബര്‍ 8 മുതല്‍ 2023 ജനുവരി 8 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി അസീസിയിലെ വിവിധ ദേവാലയങ്ങളുടെ ഭിത്തികളില്‍ തിരുപിറവിയെ പ്രതിനിധീകരിക്കുന്ന ദൃശ്യാവിഷ്ക്കാരം ഒരുക്കിയിട്ടുണ്ട്.
നവോത്ഥാന കാലഘട്ടത്തിലെ സുപ്രസിദ്ധ ഇറ്റാലിയന്‍ പെയിന്ററായ ഗിയോട്ടോയുടെ പെയിന്റിംഗുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്കന്‍ മൈനര്‍ സമൂഹത്തിന്റെ ഏറ്റവും പൗരാണിക ദേവാലയങ്ങളിലൊന്നായ അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ബസിലിക്കയുടെ ഭിത്തികളില്‍ ഉണ്ണിയേശുവിന്റെ ജനനത്തേ പ്രതിപാദിക്കുന്ന പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചപ്പോള്‍, അസീസ്സിയുടെ മെത്രാനും, മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധ റുഫീനുസിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെ ഭിത്തിയില്‍ മംഗളവാര്‍ത്തയെ പ്രതിപാദിക്കുന്ന പെയിന്റിംഗാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. “ക്രിസ്തുമസ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ” പരിപാടി കാണുവാന്‍ വരും ദിവസങ്ങളില്‍ നിരവധി തീര്‍ത്ഥാടകകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക സമൂഹം. ലോകത്ത് ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ച വിശുദ്ധനാണ് അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിസ്.