Faith And Reason - 2025
ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിൽ പ്രാർത്ഥനയോടെ ചാൾസ് രാജകുമാരൻ
സ്വന്തം ലേഖകന്‍ 28-01-2020 - Tuesday
ബെത്ലഹേം: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ ബെത്ലഹേമിൽ സ്ഥിതിചെയ്യുന്ന തിരുപ്പിറവി ദേവാലയം സന്ദർശിച്ചു പ്രാര്‍ത്ഥന നടത്തി. ജനുവരി ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ചയാണ് ചാൾസ് രാജകുമാരൻ ബെത്ലഹേമിലെത്തിയത്. തിരുപ്പിറവിയുടെ ഗ്രോട്ടോയിൽ പ്രാർത്ഥിക്കുകയും, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ചാപ്പലിൽ നടന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം സഭാധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ക്രൈസ്തവ സമൂഹങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ചാൾസ് രാജകുമാരനും സഭാ നേതാക്കന്മാരും ഒരുമിച്ചായിരിന്നു പ്രാർത്ഥന നടത്തിയത്. ആംഗ്ലിക്കൻ മെത്രാനായ സുഹൈൽ ദാവാനി പ്രാർത്ഥനകൾക്ക് തുടക്കമിട്ടു. പശ്ചിമേഷ്യ പോലെ ക്രൈസ്തവ സാന്നിധ്യം കുറവുള്ള സ്ഥലങ്ങളിൽ, ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസായ തിയോഫിലോസ് മൂന്നാമൻ നടത്തിയ പ്രസംഗം.
എക്യുമെനിക്കൽ പ്രാർത്ഥനയ്ക്കുശേഷം ചാൾസ് രാജകുമാരനെ വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ പാറ്റൺ ഗ്രോട്ടോ പരിചയപ്പെടുത്തി. ഗ്രോട്ടോ സന്ദർശിച്ച് മടങ്ങിയെത്തിയതിനു ശേഷം അദ്ദേഹം അർമേനിയൻ സമൂഹത്തെ അഭിസംബോധന ചെയ്യുവാനും സമയം കണ്ടെത്തി. മേഖലയിൽ അർമേനിയൻ സമൂഹത്തിന്റെ ചരിത്രപരമായ സാന്നിധ്യത്തെ പറ്റിയും, അവർ നേരിട്ട പ്രശ്നങ്ങളെപ്പറ്റിയും ആർച്ച് ബിഷപ്പ് സെവാൻ ഗാരിബിയാൻ രാജകുമാരന് വിശദീകരിച്ചുകൊടുത്തു. തന്നെ സ്വീകരിക്കാൻ വിശ്വാസി സമൂഹവും വിവിധ സഭാനേതൃത്വങ്ങളും കാണിച്ച ആവേശത്തിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക