News - 2024

വ്യാജ ആരോപണം: 42 പാക്കിസ്ഥാനി ക്രൈസ്തവർക്ക് ജയിൽ മോചനം

സ്വന്തം ലേഖകന്‍ 31-01-2020 - Friday

ലാഹോര്‍: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടന്ന ചാവേർ ആക്രമണങ്ങളെ തുടർന്ന് അരങ്ങേറിയ കലാപത്തിൽ പങ്കെടുത്തുവെന്ന ആരോപണം ഉന്നയിച്ച് ജയിലിലടക്കപ്പെട്ട 42 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. 2015ൽ ലാഹോറിലെ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, ഒരു കത്തോലിക്കാ ദേവാലയത്തിലും നടന്ന ചാവേറാക്രമണത്തിൽ ഏകദേശം 15 പേരാണ് കൊല്ലപ്പെട്ടത്. 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് കത്തോലിക്കാ ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചാവേറിനെ വാതിൽക്കൽ വെച്ച് തടയാൻ ശ്രമിച്ച ആകാശ് ബഷീർ എന്ന കത്തോലിക്കാ യുവാവും കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

സഭ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. തുടര്‍ന്നു നടന്ന കലാപങ്ങളിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് 42 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. 2016ൽ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിലായിരിന്നു വിചാരണ ആരംഭിച്ചത്. മൂന്നു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ ക്രൈസ്തവർ ജയിൽ മോചിതരായിരിക്കുന്നത്. നീതി പുലർന്നുവെന്നും പ്രത്യാശ പുനഃസ്ഥാപിക്കപ്പെട്ടുവെന്നും ക്രൈസ്തവരുടെ മോചനത്തിന് ശേഷം പാക്കിസ്ഥാൻ മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. കാസർ ഫിറോസ് പ്രതികരിച്ചു.

തീവ്രവാദ വിരുദ്ധ കോടതിയുടെ ജുഡീഷ്യൽ നടപടികളെ അഭിനന്ദിച്ച അദ്ദേഹം ക്രൈസ്തവരുടെ മോചനത്തിനു വേണ്ടി സഹായിച്ച സർക്കാരിനോടും, കത്തോലിക്ക സഭയുടെ നേതാക്കന്മാരോടും, ആക്ടിവിസ്റ്റുകളോടും, മനുഷ്യാവകാശ പ്രവർത്തകരോടും നന്ദി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്ന് സാബിർ മൈക്കിൾ എന്ന കത്തോലിക്കാ മനുഷ്യാവകാശ പ്രവർത്തകൻ വിധി വന്നതിനുശേഷം 'ഏജൻസിയ ഫിഡ്സ്'-നോട് പറഞ്ഞു. പാക്കിസ്ഥാനില്‍ ഭൂരിപക്ഷമായ ഇസ്ലാം മതസ്ഥര്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് നേരെ തെറ്റായ ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »