Wednesday Mirror - 2019

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ...

തങ്കച്ചന്‍ തുണ്ടിയില്‍ 08-03-2017 - Wednesday

വളരെ വര്‍ഷങ്ങളായിട്ട്‌ എന്‍റെ പ്രാര്‍ത്ഥനകളില്‍ ഇന്നും ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു കാര്യം പരിശുദ്ധ കുര്‍ബ്ബാനയില്‍ ഉള്ള ഭാഗഭാഗിത്തമാണ്. ഒരിക്കലും നിരസിക്കാത്ത കാര്യം. വചനം പങ്കുവയ്ക്കാന്‍ ഒരിക്കല്‍ പോയപ്പോള്‍ വേദിയില്‍ നിന്ന് ഒരാള്‍ ഒരു സംശയം ഉന്നയിച്ചു. അത് ഇപ്രകാരമായിരുന്നു. ബ്രദറിന്‍റെ കുര്‍ബ്ബാന അനുഭവം എന്നെ ആഴമായി സ്പര്‍ശിച്ചു. ഒരു സംശയം മാത്രം അവശേഷിക്കുന്നു. ബ്രദറിന് ഇതുവരെ രോഗങ്ങളൊന്നും ഉണ്ടായിട്ടില്ലേ? എനിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടു. അതിനുശേഷം ക്ലാസ്സെടുക്കാന്‍ ചെന്നിടത്തൊക്കെ ഈ സംശയത്തിനുള്ള ഉത്തരവും നല്‍കാറുണ്ട്.

അനുദിനമുള്ള ദിവ്യകാരുണ്യാനുഭവം ഈശോയുമായുള്ള ആഴമായ ബന്ധത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ആ ബന്ധം നമ്മിലുണ്ടെങ്കില്‍ നാമെന്ത് ചോദിച്ചാലും അവിടുന്ന് നല്‍കുമെന്നുള്ളത് ഉറപ്പാണ്. ഈശോ നമ്മോടു ഇപ്രകാരം പറയുന്നു. "നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക, നിങ്ങള്‍ക്ക് ലഭിക്കും." (യോഹന്നാന്‍ 15:7). രോഗങ്ങള്‍ വരുമ്പോള്‍ ഇപ്രകാരമാണ് ഞാന്‍ ഈശോയോട് ചോദിക്കുന്നത്. ഈശോയേ ഈ രോഗം ഞാന്‍ നിന്‍റെ കരങ്ങളില്‍ തരുന്നു. നിന്നില്‍ നിന്ന് ഞാനിത് സ്വീകരിക്കുന്നു. പക്ഷേ ഈ രോഗം എന്‍റെ ബലിയര്‍പ്പണത്തിന് തടസ്സം വരുത്താതെ ക്രമീകരിക്കണം. അതെ, ഇന്നു വരെയുള്ള അനുഭവത്തില്‍ രാവിലെ 6 മുതല്‍ 8 വരെയുള്ള സമയം (ഞാന്‍ ഈശോയോട് ചോദിച്ചു വാങ്ങിയ സമയമാണ്) എന്ത് രോഗമായിരുന്നാലും ഈശോ ആ സമയങ്ങളില്‍ എനിക്ക് സൗഖ്യം നല്‍കി (ഉണര്‍വ്വ്) എന്നെ ബലിയര്‍പ്പണത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.

ഈശോ നമ്മുടെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം നമുക്ക് ആദ്യം വേണം. ആദ്യ കാലങ്ങളില്‍ എനിക്ക് കൂലിപ്പണിയായിരുന്നു. അന്ന്‍ എന്‍റെ ഇടവകയില്‍ കുര്‍ബ്ബാന ഇല്ലാത്തപ്പോള്‍ ഞാന്‍ അയല്‍ ഇടവകയിലാണ് പോകുന്നത്. അന്നൊക്കെ പറമ്പില്‍ പണി ഇന്നത്തെപ്പോലെ അല്ലായിരുന്നു. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ. അയല്‍ ഇടവകയില്‍ പോകുമ്പോള്‍ കുര്‍ബ്ബാന കഴിഞ്ഞ് വരുമ്പോള്‍ 9 മണി ആകും. അതുകൊണ്ട് തലേദിവസം പണിയുന്ന വീട്ടില്‍ ഇപ്രകാരം പറയുമായിരുന്നു. നാളെ ഞാന്‍ 9 മണിക്കേ വരൂ. 6 മണി വരെ പണി ചെയ്തു കൊള്ളാം. 8 മണിക്കൂര്‍ പണി അപ്പോള്‍ ആകുമല്ലോ? വീട്ടുകാര്‍ക്ക് അതിനു തടസ്സമില്ല. എന്‍റെ കുര്‍ബ്ബാന അവര്‍ക്ക് തടസ്സം വരുത്തരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാനന്ന് ഇപ്രകാരമായിരുന്നു ചിന്തിച്ചത്. ഞാന്‍ ഈശോയുമായി ചേര്‍ന്ന് ജീവിക്കുമ്പോള്‍ എനിക്കതൊരു വലിയ നേട്ടമാണ്. ആ നേട്ടം മറ്റുള്ളവര്‍ക്ക് നഷ്ടമാകരുതല്ലോ?

ഈ ഒരു ചിന്താഗതി അന്നുണ്ടായിരുന്നതിനാല്‍ ഞാന്‍ ഇപ്രകാരം ഈശോയോടും പറയുമായിരുന്നു. ഈശോയേ എനിക്ക് നീ നല്‍കിയ രോഗം ഏഴു ദിവസത്തേക്കാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഒരു ദിവസത്തേക്കു കൂടി നീട്ടിക്കോ. പകരം നീ എനിക്ക് എല്ലാ ദിവസവും 6 മണി മുതല്‍ 8 മണിവരെയുള്ള 2 മണിക്കൂര്‍ ഫ്രീയാക്കി തരണം (കുര്‍ബ്ബാനയ്ക്ക് പോകാനുള്ള ശക്തി). ഈശോയുടെ ഹിതം എന്നില്‍ നിറവേറട്ടെ. എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എന്‍റെ ആഗ്രഹം നീയും സാധിച്ചു തരണം. തീര്‍ച്ചയായും. നാം ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ അവിടുന്ന് നമ്മുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചു തരും. ഈ സത്യം നാം അനുഭവത്തില്‍ നിന്നും മനസ്സിലാക്കണം. "ദൈവത്തിനു എല്ലാം സാധ്യമാണ്" (മര്‍ക്കോസ് 10-27). ഇത് നമ്മുടെ അറിവ് മാത്രമാകാതെ അനുഭവത്തിലേക്കു നാം കടക്കണം. ഈ അനുഭവം നമ്മെ വഴി നടത്തും. അനുദിനമുള്ള ബലിയര്‍പ്പണം ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി നമുക്ക് തരുന്നു. പരിശുദ്ധ കുര്‍ബ്ബാന അനുഭവമാകാത്തത് (വിരസമാകുന്നത്) ഈ അനുഭവത്തിലേക്ക് കടക്കാത്തതു കൊണ്ടാണ്. ബലിയിലുള്ള ഓരോ പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം മനസ്സിലാക്കിയെങ്കിലേ നമുക്കീ സത്യം മനസ്സിലാകൂ. ഒരു ഉദാഹരണം പറയാം. കുര്‍ബ്ബാനയുടെ തുടക്കത്തിലുള്ള ഒരു ഗാനമാണിത്.

അനുരഞ്ജിതരായ്ത്തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമോടീയാഗം
തിരുമുമ്പാകെയണച്ചീടാം
(സീറോമലബാര്‍ കുര്‍ബ്ബാന ക്രമം)

ഓരോ ബലിയര്‍പ്പണവും നവമായ ബലിയര്‍പ്പണമാണ്. അതുപോലെ തന്നെ അനുരഞ്ജിതരായിത്തീര്‍ന്നു കൊണ്ടാണ് നാം ബലിയര്‍പ്പിക്കേണ്ടത്. "നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോടു എന്തെങ്കിലും വിരോധമുണ്ടെന്ന് തോന്നിയാല്‍ ബലി വസ്തു അവിടെ വച്ചിട്ട് രമ്യപ്പെട്ടതിനു ശേഷം ബലിയര്‍പ്പിക്കുക"(മത്തായി 5:22-23) എന്ന വചനം ഇതിനോട് ചേര്‍ത്ത് നാം ധ്യാനിക്കണം.

ഇപ്രകാരം പരിശുദ്ധ കുര്‍ബ്ബാനയിലെ ഓരോ പ്രാര്‍ത്ഥനയുടെയും അര്‍ത്ഥമറിഞ്ഞ് നാം പങ്കെടുത്താല്‍ ‍ബലി നമ്മെ ഈശോയോടു ചേര്‍ത്ത് നിര്‍ത്തുമെന്നതില്‍ സംശയമില്ല. എന്‍റെ ജീവിതത്തില്‍ മാറ്റം വരുത്തിയതും, പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ശക്തി നല്‍കിയിട്ടുള്ളതും ബലിയര്‍പ്പണത്തിലെ വായനയിലുള്ള വചന ഭാഗങ്ങളാണ്.

ഒരിക്കല്‍ ബലിയര്‍പ്പണത്തില്‍ സുവിശേഷ വായനയില്‍ എന്നെ സ്പര്‍ശിച്ച ഒരു വചനം ഇതായിരുന്നു. "ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍ ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു." (യോഹ. 16:33). അന്ന്‍ പ്രവര്‍ത്തന മേഖലയിലേക്കിറങ്ങിയപ്പോള്‍ പല പ്രതിസന്ധികളും ഞെരുക്കങ്ങളുമുണ്ടായപ്പോള്‍ ഈ വചനമാണ് ശക്തി നല്‍കി നയിച്ചത്. എന്‍റെ അന്നത്തെ ധ്യാന വിഷയമായിരുന്നു ഈ വചനം.

മറ്റൊരു സംഭവം: വളരെ പാപഭാരത്തോടു കൂടിയായിരുന്നു അന്ന് കുമ്പസാരത്തിനായി ചെന്നത്. കുമ്പസാരം കഴിഞ്ഞപ്പോള്‍ വൈദികന്‍ ഇപ്രകാരം ഒരു വചനം പറഞ്ഞു. "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു." (യോഹ. 15:3). ഇവിടെ വൈദികന്‍ ഈ വചനം ഉച്ചരിച്ചപ്പോള്‍ എന്നിലുണ്ടായ മാറ്റം എനിക്ക് വിവരിക്കാന്‍ വാക്കുകളില്ല. ആനന്ദത്താല്‍ നിറഞ്ഞ ഒരു അവസ്ഥ. ഇപ്രകാരം ബലിയര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള ഓരോ പ്രാര്‍ത്ഥനകളും നമ്മെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കും. പുതിയ ജീവിതം നയിക്കാന്‍ നമുക്കു പ്രേരണ നല്‍കും. അപ്പോള്‍ നമുക്കും പൗലോസ് ശ്ലീഹായേപ്പോലെ ഇപ്രകാരം പറയാന്‍ സാധിക്കും. ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു (ഗലാ. 2:20). യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. നവമായ ജീവിതത്തിലേക്ക് ഓരോ ബലിയര്‍പ്പണവും നമ്മെ നയിക്കട്ടെ.

(തുടരും...)


Related Articles »