News - 2024

‘ബഹുമത ഇറാഖിനു’ വേണ്ടിയുള്ള പോരാട്ടത്തില്‍ ക്രൈസ്തവരും പങ്കുചേരണമെന്ന് കല്‍ദായ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 31-01-2020 - Friday

വാഷിംഗ്‌ടണ്‍ ഡി.സി: ശരീഅത്ത് നിയമങ്ങളില്‍ അധിഷ്ഠിതമല്ലാത്തതും, മതസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായ ഭരണഘടനയുടെ കീഴിലുള്ള ‘ബഹുമത ഇറാഖിനു’ വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ക്രൈസ്തവരും പങ്കുവഹിക്കണമെന്നു ഇര്‍ബിലിലെ കല്‍ദായ കത്തോലിക്ക മെത്രാപ്പോലീത്ത ബാഷര്‍ വാര്‍ദ. ഇറാഖിന്റെ ഭാവിയെക്കുറിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച യു.എസ് കോണ്‍ഗ്രസിലെ നെബ്രാസ്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജെഫ് ഫോര്‍ട്ടന്‍ബറിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖി സര്‍ക്കാരിന്റെ അഴിമതിക്കും, ഇറാന്റെ സ്വാധീനം രാജ്യത്ത് തുടരുന്നതിനുമെതിരെ മാസങ്ങളായി ബഹുജന പ്രക്ഷോഭം നടന്നുവരുന്ന സാഹര്യത്തിലാണ് തന്റെ നിലപാട് മെത്രാപ്പോലീത്ത വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നേരത്തേ ആക്കണമെന്നുള്ള ആവശ്യം മെത്രാപ്പോലീത്ത അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ‘മാറ്റം’ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തെ സഭ പിന്തുണക്കുന്നു. ക്രൈസ്തവര്‍ക്കു തുല്യ അവകാശത്തോടും അന്തസ്സോടും ജീവിക്കുവാന്‍ കഴിയുന്ന ഒരു ഏകീകൃത ബഹുമത ഇറാഖിനു വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുവാന്‍ സമൂഹത്തെ മുഴുവനും പ്രത്യേകിച്ച് യുവജനങ്ങളെയും മെത്രാപ്പോലീത്ത പ്രോത്സാഹിപ്പിച്ചു. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. കഴിഞ്ഞ ആഴ്ച ബാഗ്ദാദില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ അണിചേര്‍ന്നതായും അദ്ദേഹം വെളിപ്പെടുത്തി.

പ്രതിഷേധം ഒരു സമുദായത്തിന് വേണ്ടിമാത്രമായിരിക്കരുത്. എല്ലാവരേയും ഉള്‍കൊള്ളുന്ന, രാജ്യത്തിന്റെ വൈവിധ്യത്തേയും, സമ്പുഷ്ടമായ പൈതൃകത്തേയും ബഹുമാനിക്കുന്ന ഒരു ഇറാഖിനുവേണ്ടിയായിരിക്കണം. സാമൂഹ്യവും, രാഷ്ട്രീയവും, മതപരവുമായ മേഖലകളില്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണം പ്രതിഷേധമെന്ന്‍ ഇതിനു മുന്‍പ് കത്തോലിക്ക ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്. 2003ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വിഭാഗീയതയില്‍ അധിഷ്ഠിതമായ ഭരണഘടനയുമായി മുന്നോട്ട് പോകുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാഖില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളെ സുരക്ഷ സേനകളില്‍ പരിഗണിക്കണമെന്നും, ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെത്തുടര്‍ന്ന്‍ പലായനം ചെയ്യുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത ക്രൈസ്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇറാഖിലെ സംഭവ വികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി ഫ്രാന്‍സിസ് പാപ്പയും കൂടിക്കാഴ്ച നടത്തിയിരുന്നു. മതന്യൂനപക്ഷമായി മാറിയ ക്രൈസ്തവരുടെ സംരക്ഷണത്തിന് നടപടി വേണമെന്ന്‍ പാപ്പയും വത്തിക്കാന്‍ പ്രതിനിധികളും അന്ന്‍ ഇറാഖി പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »