News

ചരിത്രം കുറിച്ച പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഒരാണ്ട്

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

റോം: ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ യു‌എ‌ഇ സന്ദര്‍ശനത്തിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അറബ് മണ്ണിലേക്ക് യാത്ര തിരിച്ചത്. രാത്രിയോടെ അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കം പ്രമുഖ രാജകുടുംബാംഗങ്ങൾ വിമാനത്താവളത്തില്‍ എത്തിയിരിന്നു.

ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമായത് പിറ്റേന്നാണ്. ഫെബ്രുവരി 4. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പയ്ക്ക് സൈനിക ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച നടന്നു. അന്ന്‍ വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കി. സമാധാനത്തിലും സഹിഷ്ണുതയിലും ലോകം നീങ്ങുവാനുള്ള ആഹ്വാനമാണ് സന്ദേശത്തില്‍ പ്രതിഫലിച്ചത്. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശനവും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും ഈ ദിവസം നടന്നു.

ഗള്‍ഫ് മലയാളികള്‍ അടക്കം പതിനായിരകണക്കിന് ക്രൈസ്തവര്‍ കാത്തിരിന്ന ദിവസമായിരിന്നു പിറ്റേദിവസം. രാവിലെ പത്തു മണിയോട് കൂടി അബുദാബി കത്തീഡ്രല്‍ പള്ളി മാര്‍പാപ്പ സന്ദര്‍ശിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവര്‍ക്ക് പാപ്പ തന്റെ സ്നേഹവും പ്രാര്‍ത്ഥനയും കൈമാറി. തുടര്‍ന്നു അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹ ദിവ്യബലിയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ഒടുവില്‍ അന്ന്‍ വൈകുന്നേരത്തോടെ പാപ്പ അറബ് മണ്ണിനോട് യാത്ര പറഞ്ഞു വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പത്തു ലക്ഷത്തോളം കത്തോലിക്കര്‍ക്ക് കൈവശം ഉണ്ടായിരിന്നത് വിലമതിക്കാനാവാത്ത ഓര്‍മ്മകളായിരിന്നു. പാപ്പയുടെ സന്ദര്‍ശനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായെന്ന യാഥാര്‍ത്ഥ്യം ഇനിയും പലര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »