Life In Christ - 2025
ഭരണഘടനയില്‍ 'ദൈവം' വേണം: റഷ്യന്‍ സഭാ തലവന്റെ നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നു
സ്വന്തം ലേഖകന്‍ 08-02-2020 - Saturday
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ ഭേദഗതി സംബന്ധിച്ച ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയില്‍ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശം കൂടി ചേര്‍ക്കണമെന്ന ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ അഭ്യര്‍ത്ഥനയ്ക്കു പിന്തുണയേറുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണത്തിന്റെ പതിനൊന്നാമത് വാര്‍ഷികാഘോഷ ചടങ്ങിലായിരിന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഇതിന് രാജ്യത്തു ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഭൂരിപക്ഷം റഷ്യക്കാരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്നും ക്രൈസ്തവരെ മാത്രമല്ല ഇസ്ലാമുള്‍പ്പെടെയുള്ള മറ്റ് മതസ്ഥരെ കൂടി ഉദ്ദേശിച്ചാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ദേശീയ ഗാനത്തിലെ “ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്ന ജന്മദേശം” എന്ന വാക്കുകളെ ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ് എന്തുകൊണ്ട് ഭരണഘടനയിലും ഇങ്ങനെ ചേര്‍ത്തുകൂടായെന്ന ചോദ്യം ഉന്നയിച്ചു. ധാര്‍മ്മികതയേയും, വ്യക്തിത്വത്തേയും, സാമൂഹികവും രാഷ്ട്രീയവുമായ ബോധ്യത്തേയും രൂപപ്പെടുത്തുന്ന ദൈവ വിശ്വാസമെന്ന ഉന്നതമായ ആശയം ഭരണഘടനയില്‍ ചേര്‍ക്കുവാന്‍ വേണ്ടി കൂട്ടായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്നും പാത്രിയാര്‍ക്കീസ് കിറില്‍ പറഞ്ഞു. സഭാതലവന്റെ ആവശ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഭരണഘടന ഭേദഗതിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതില്‍ മുഴുകിയിരിക്കുന്ന സംഘത്തിന്റെ സഹ ചെയര്‍മാനും, ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലെജിസ്ലേഷന്‍ ചെയര്‍മാനുമായ ആന്‍ഡ്രേയ് ക്ലിഷാസ് അറിയിച്ചതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാത്രിയാര്‍ക്കീസിന്റെ നിര്‍ദ്ദേശം രാഷ്ട്രവും സഭയും തമ്മിലുള്ള വേര്‍തിരിവ് സംബന്ധിച്ച് ഭരണഘടനയുടെ പതിനാലാമത്തെ വകുപ്പില്‍ പറയുന്നതിനു എതിരല്ലെന്ന് രാഷ്ട്ര, നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ഡൂമ കമ്മിറ്റിയുടെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായ മൈക്കേല്‍ എമാല്യാനോവും സമ്മതിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നു സ്റ്റേറ്റ് ഡൂമ കമ്മിറ്റിയുടെ സിവില്‍ സൊസൈറ്റി ഡെവലപ്മെന്റ് ആന്‍ഡ് ഇഷ്യൂസ് ഓഫ് റിലീജിയസ് ആന്‍ഡ് പബ്ളിക് അസോസിയേഷന്‍സ് തലവനായ സെര്‍ജി ഗാവ്രിലോവ് പറഞ്ഞു. നിരീശ്വരവാദികളെ അനുകൂലിക്കുന്ന ഏതാനും പേര്‍ ഒഴികെ ഭൂരിപക്ഷം റഷ്യക്കാരും പാത്രിയാര്‍ക്കീസിന് പിന്തുണയുമായി രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക