India - 2024

അപരനില്‍ ദൈവത്തിന്റെ പ്രതിച്ഛായ ദര്‍ശിക്കണം: മാരാമണില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

10-02-2020 - Monday

മാരാമണ്‍: അപരനില്‍ ദൈവത്തിന്റെ പ്രതിച്ഛായ ദര്‍ശിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ദൈവം തന്റെ പ്രതിച്ഛായുള്ള മനുഷ്യരെയാണ് സൃഷ്ടിച്ചത്. വസിക്കാന്‍ മനോഹരമായ പ്രപഞ്ചവും നല്‍കി. ദൈവത്തിന്റെ ദാനങ്ങളായ ഭൂമിയെയും പ്രകൃതിയെയും ജലത്തെയും മനുഷ്യനുവേണ്ടി സൃഷ്ടിച്ചു. എന്നാല്‍ സമ്പത്തിനുവേണ്ടിയുള്ള അത്യാര്‍ത്തികൊണ്ട് മനുഷ്യന്‍ പ്രകൃതിയെയും ഭൂമിയെയും ജലസ്രോതസുകളെയും വികലമാക്കുകയും മലിനപ്പെടുത്തുകയും ചെയ്തുവെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

കമ്പോളത്തില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തേക്കാള്‍ ശുദ്ധമായിരുന്നു പമ്പാനദി പോലുള്ള നദികളിലെ ജലം. നദിയെയും പ്രകൃതിയെയും വികലമാക്കിയത് മൂലം ശ്വസിക്കാന്‍ വായു പോലും പണം കൊടുത്ത് വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അധികാര കേന്ദ്രങ്ങള്‍ വികസനം ഉണ്ടാക്കേണ്ടത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടല്ല. വികസനത്തിന്റെ പേരില്‍ എന്തും നശിപ്പിക്കാനുള്ള സമീപനം ശരിയല്ല. തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്തവരെ രാജ്യദ്രോഹികളെന്ന് പറഞ്ഞ് തുറുങ്കിലടയ്ക്കുകയും നാടുകടത്തുകയും ചെയ്യുന്ന രീതി ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല.

സത്യം പറഞ്ഞതിന്റെ പേരില്‍ സി. കേശവനെ തുറുങ്കിലടച്ച ഭരണ സംവിധാനമാണ് ഒരു കാലത്തുണ്ടായിരുന്നത്. സി. കേശവനെ തുറുങ്കിലടച്ചതിനെതിരേ പ്രക്ഷോഭം നടത്താന്‍ പ്രജാ സഭയിലെ ഉപാധ്യക്ഷനായിരുന്ന ടി.എം. വര്‍ഗീസ് സ്ഥാനം രാജിവച്ച് പ്രക്ഷോഭത്തിനിറങ്ങുകയും സി. കേശവനുവേണ്ടി വാദിക്കുകയും ചെയ്ത സംഭവത്തെ ഓര്‍ത്തുകൊണ്ട് യുവാക്കളും വിദ്യാര്‍ഥികളും ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഗാന്ധിജിയുടെ രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരുന്നു. ദൈവത്തിന്റെ വചനം ഉള്‍ക്കൊണ്ട് രൂപാന്തരം ഉണ്ടായി നീതിബോധത്തോടും ദയാതത്പരതയോടും വിനയത്തോടുംകൂടി ജീവിക്കാന്‍ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സഭയുടെ മൗനം ഭഞ്ജിക്കേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക്ക് മാര്‍ പീലക്‌സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നോത്തിയോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, രാജ്യ സഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, എന്‍. കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, പി.സി. ജോര്‍ജ്, മാത്യു ടി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റവ. ഡിനോ ഗബ്രിയേല്‍ മുഖ്യ പ്രഭാഷണം നടത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »