News
ജോർദാനിലെ യേശുവിന്റെ ജ്ഞാനസ്നാന ദേവാലയത്തിന്റെ കൂദാശ ജനുവരി 10ന്
പ്രവാചകശബ്ദം 06-01-2025 - Monday
അമ്മാന്‍: യേശു സ്നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ നദിക്കരയോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ ജനുവരി 10ന് നടക്കും. ജോർദാൻ നദിക്ക് സമീപമുള്ള മരുഭൂമി പ്രദേശമായ വാദി അൽ-ഖരാറില്‍ നിര്‍മ്മിച്ച ദേവാലയം 'ചർച്ച് ഓഫ് ദ ബാപ്‌റ്റിസം ഓഫ് ജീസസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ജനുവരി 10 വെള്ളിയാഴ്ച നടക്കും.
വിശുദ്ധ നാട്ടിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികളും വിദേശത്ത് നിന്നുള്ള അതിഥികളും ഉൾപ്പെടെ ഏഴായിരത്തോളം പേർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ ജൂബിലി കൊണ്ടാടിയ 2000-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധ നാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ സ്ഥലം സന്ദർശിച്ചിരിന്നു. 2009-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ദേവാലയത്തിന്റെ ആദ്യശിലാസ്ഥാപനം നടത്തിയത്. 2014-ൽ ഫ്രാൻസിസ് മാർപാപ്പ പുതിയ പള്ളിയുടെ നിർമാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.
2008-ൽ അന്തരിച്ച ഫ്രാൻസിസ്കൻ സന്യാസിയും പുരാവസ്തു ഗവേഷകനുമായ മിഷേൽ പിക്‌സിറില്ലോ നടത്തിയ ഗവേഷണത്തിൻ്റെ ഫലമായാണ് വാദി അൽ-ഖരാറിന് സമീപമുള്ള അൽ-മഗ്താസ് സ്നാനം നടന്ന സ്ഥലം കണ്ടെത്തിയത്. ജൂബിലി വർഷത്തിൽ ദേവാലയത്തിന്റെ നിര്‍മ്മാണ പൂർത്തീകരണം വിശുദ്ധ നാട്ടിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്. ജോർദാൻ നദിയിലെ യേശുവിൻ്റെ ജ്ഞാനസ്നാനത്തിന് രണ്ടായിരം വർഷം തികയുന്ന 2030-നു മുന്നേയുള്ള വലിയ ഒരുക്കത്തിന്റെ സമയമായാണ് ഇതിനെ നോക്കിക്കാണുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟