Faith And Reason - 2024

വിവാഹിതര്‍ക്ക് പൗരോഹിത്യമില്ല: ആമസോണ്‍ സിനഡാനന്തര രേഖ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍ 12-02-2020 - Wednesday

വത്തിക്കാന്‍ സിറ്റി: ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനുള്ള സിനഡ് തീരുമാനം ഒഴിവാക്കി പാപ്പയുടെ സിനഡാനന്തര രേഖ. ആമസോൺ സിനഡ് ചർച്ചകളിൽ നിന്നും ഉരുതിരിഞ്ഞ വിശകലനങ്ങൾ, അല്‍പ്പം മുന്‍പ് ‘ക്വേറിത ആമസോണിയ’ എന്ന പേരിൽ സിനഡാനന്തര രേഖയായി വത്തിക്കാൻ പ്രസിദ്ധപ്പെടുത്തിയതോടെയാണ് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സിനഡ് നിര്‍ദ്ദേശം അംഗീകരിച്ച് ആമസോൺ മേഖലയിൽ വിവാഹിതര്‍ക്ക് വൈദികരാനുള്ള ശുപാര്‍ശ പാപ്പ അംഗീകരിക്കുമോ എന്നതായിരുന്നു കത്തോലിക്ക ലോകം പ്രധാനമായും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ ഇതിന് ‘ക്വേറിത ആമസോണിയ’ മറുപടി നല്‍കിയിരിക്കുകയാണ്.

ഇത്തരത്തില്‍ ഇളവനുവദിക്കപ്പെട്ടു കൊണ്ടുള്ള യാതൊരുവിധ പ്രസ്താവനയും പാപ്പ അംഗീകരിച്ച സിനഡാനന്തര രേഖയില്‍ ഇല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24 പേജുള്ള രേഖയില്‍ പൌരോഹിത്യ വിശുദ്ധിയെ കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. സുവിശേഷവത്കരണം, പ്രകൃതിസംരക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും സിനഡാനന്തര രേഖയില്‍ ചര്‍ച്ചയാകുന്നു. ലത്തീന്‍ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ഇതിന്റെ പരോക്ഷ ആവര്‍ത്തനമാണ് രേഖയിലും ഉള്ളത്.

വർഷങ്ങളായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യം നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടും പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ചും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ചു വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ബെനെഡിക്ട് പാപ്പയോട് ചേര്‍ന്ന് എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകം കഴിഞ്ഞ നാളുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിന്നു. ഈ സാഹചര്യത്തില്‍ പുറത്തു വന്ന സിനഡാനന്തര രേഖയെ ഏറെ പ്രതീക്ഷയോടെയാണ് ആഗോള സഭ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »