News - 2025
കൊറോണ ആശങ്കയിൽ ഹോങ്കോംഗ്: വിഭൂതി തിരുകർമ്മങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ 14-02-2020 - Friday
ലോകം മുഴുവൻ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി തീരുമാനങ്ങളെടുത്ത് ഹോങ്കോംഗ് സഭ. അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് ദേവാലയ തിരുക്കർമ്മങ്ങൾ റദ്ദാക്കി. ഇതിൽ വിഭൂതി തിരുനാൾ തിരുകർമ്മങ്ങളും ഉൾപ്പെടുന്നുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ അടുത്ത രണ്ടാഴ്ച നിർണായകമാണ് എന്നതിനാലാണ് ദുഃഖകരമായ തീരുമാനം എടുക്കേണ്ടി വന്നതെന്ന് ഹോങ്കോങിലെ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി വഹിക്കുന്ന കർദ്ദിനാൾ ജോൺ ടോങ് പറഞ്ഞു.
ഫെബ്രുവരി 15 മുതൽ 28 വരെ ഞായറാഴ്ചയും ഇടദിവസങ്ങളിലെയും വിശുദ്ധ കുർബാനകളും വിഭൂതി തിരുനാൾ കുർബാനയും റദ്ദാക്കിയതായി ഇടയലേഖനത്തിലൂടെയാണ് കർദ്ദിനാൾ ജോൺ ടോങ് വിശ്വാസി സമൂഹത്തെ അറിയിച്ചത്. ദുരിത സമയത്ത് ദൈവത്തിൽ കൂടുതൽ ആശ്രയം വയ്ക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച കാലത്തേക്ക് മാധ്യമങ്ങളിലൂടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും, വീട്ടിലിരുന്നു ജപമാല ചൊല്ലാനും, ബൈബിൾ വായിക്കാനും ഇടയലേഖനത്തിൽ നിർദേശമുണ്ട്. മറ്റുള്ളവരെ സഹായിക്കാനും, അവർക്കു വേണ്ടി പ്രാർത്ഥിക്കാനും കർദ്ദിനാൾ ജോൺ ടോങ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
കത്തോലിക്കാസഭയിൽ ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പ് ദിനങ്ങൾ വിഭൂതി തിരുനാളോടുകൂടിയാണ് ആരംഭിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷത്തോളം വിശ്വാസികളാണ് ഹോങ്കോങ്ങിലെ സഭയുടെ ഭാഗമായിട്ടുള്ളത്. ചൈനയുമായി ഹോങ്കോങ്ങിന് തുറന്ന അതിർത്തിയാണുള്ളത്. ചൈനയിൽ ആയിരകണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ ഹോങ്കോങ്ങിൽ ഇതുവരെ അമ്പതോളം ആളുകളിൽ സ്വീകരിച്ചിട്ടുണ്ട്. ഒരാൾ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
