Life In Christ
പിതാവിന്റെ ഘാതകന്റെ കുടുംബത്തിന് വീടും സ്ഥലവും: ക്രിസ്തു പഠിപ്പിച്ച ക്ഷമ ജീവിതത്തില്‍ പകര്‍ത്തി നൈസി
സ്വന്തം ലേഖകന്‍ 15-02-2020 - Saturday
വൈക്കം: പിതാവിനെ കൊലപ്പെടുത്തിയ വ്യക്തിയുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി ക്ഷമിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്റെ ശക്തമായ ഉദാഹരണവുമായി മകള്‍. വൈക്കം തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട പണമിടപാടുകാരന്‍ കാലായില്‍ മാത്യുവിന്റെ മകള്‍ നൈസിയാണ് പ്രതി അനീഷിന്റെ കുടുംബത്തിന് വീടും സ്ഥലവും നല്‍കിയത്. മകൻ ചെയ്ത തെറ്റ് മറച്ചു വയ്ക്കാതെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ അനീഷിന്റെ പിതാവ് വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നല്കുന്ന ഈ സ്‌നേഹോപഹാരം ക്ഷമയുടെയും പരസ്‌നേഹത്തിന്റെയും ശക്തമായ ക്രിസ്തീയ മാതൃകയായി മാറിയിരിക്കുകയാണ്.
2008ലാണ് തലയോലപ്പറമ്പില്‍ പണമിടപാട് നടത്തിയിരുന്ന മാത്യുവിനെ കാണാതായത്. മൂന്ന് പെണ്‍മക്കളും ഭാര്യയും ഉള്‍പ്പെട്ട മാത്യുവിന്റെ കുടുംബം വലിയ കടബാധ്യതയില്‍പ്പെട്ടപ്പോഴായിരുന്നു തിരോധാനം. ഒരു തുമ്പും കിട്ടാതെ അന്വേഷണം വഴിമുട്ടി. എട്ട് വര്‍ഷത്തിനു ശേഷമാണ് മാത്യു കൊല്ലപ്പെട്ടതാണെന്ന വിവരം പുറംലോകം അറിഞ്ഞത്. 2016 ഡിസംബറില്‍ പ്രതിയായ അനീഷിന്റെ പിതാവ് വാസു മാത്യു കൊല്ലപ്പെട്ടതാണെന്ന് മകള്‍ നൈസിയോട് പറയുകയായിരിന്നു. അനീഷിന്റെ കടമുറിക്കുള്ളിലാണ് മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്. അയല്‍ക്കാരനായ അനീഷ് മാത്യുവില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.
പണം തിരിച്ച് ലഭിക്കാത്തതിനാല്‍ അനീഷിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും മാത്യു തീറെഴുതി വാങ്ങി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാത്യു എഴുതിവാങ്ങിയ ഇതേ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ മാത്യുവിന്റെ കുടുംബം അനീഷിന്റെ കുടുംബത്തിന് കൈമാറിയത്. മാത്യുവിന്റെ കുടുംബാംഗങ്ങൾ അനീഷിന്റെ പിതാവ് വാസുവിന് വൈക്കം രജിസ്‌ട്രേഷൻ ഓഫീസിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ഥലത്തിന്റെ ആധാരം ഇന്നലെ കിഴക്കെപ്പുറത്തുള്ള മാത്യുവിന്റെ വീട്ടിൽ വച്ച് മുത്തമകൾെ നൈസി കൈമാറുകയായിരുന്നു.
തലയോലപ്പറമ്പുകാർക്ക് മുന്നില്‍ നേരത്തെയും അത്ഭുതം സൃഷ്ടിച്ച വ്യക്തിയാണ് നൈസി. എറണാകുളത്ത് തന്റെ സഹപ്രവർത്തകയായിരുന്ന റെജിയുടെ ഭർത്താവ് ജോൺസനിന് നൈസി വൃക്ക ദാനം ചെയ്തിരിന്നു. ഇരു വൃക്കകളും തകരാറിലായി മരണത്തെ മുന്നിൽ കണ്ട ജോൺസണ് തന്റെ വൃക്ക നൽകാൻ നൈസി സ്വയം സന്നദ്ധയാവുകയായിരുന്നു. അവയവദാനം ചെയ്തിട്ടും ഇക്കാര്യം നൈസി ആരോടും പറഞ്ഞില്ല. ഭർത്താവിന്റെ ഇരു വൃക്കകളും തകരാറിലായതോട കൂട്ടുകാരി റെജിയുടെ കുടുംബം തളരുന്നത് നേരിൽകണ്ട നൈസി വൃക്ക ദാനംചെയ്യാൻ സ്വമേധയാ തയാറാകുകയായിരുന്നു. ഈ നന്മയുടെ മാതൃകയോടൊപ്പം ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹവും ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുകയാണ് നൈസി.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ,ഫാ. ജിന്റോ പടയാറ്റിൽ, സണ്ണി ജോസഫ്, പുള്ളിക്ക മ്യാലിൽ, കുര്യാക്കോസ് മഠത്തിക്കുന്നേൽ, ടിവി പുരം ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ അശോകൻ, കവിത റജി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആധാര കൈമാറ്റം നടന്നത്. കേസിലെ പ്രതിയായ അനീഷ് നിലവിൽ മറ്റൊരു കേസ്സിൽ ശിക്ഷയനുഭവിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക