India - 2025

മാരാമണ്‍ കണ്‍വെന്‍ഷനു പ്രാര്‍ത്ഥനാ നിര്‍ഭരമായ സമാപനം

17-02-2020 - Monday

മാരാമണ്‍: വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥിതികളെ ദൈവവിശ്വാസത്തിലൂടെ ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി മാരാമണ്‍ കണ്‍വെന്‍ഷന്റെ ശതോത്തര രജതജൂബിലി സമ്മേളനം സമാപിച്ചു. ''മോഹന വാഗ്ദാനങ്ങളുമായി പലരും വിശ്വാസികളെ സമീപിച്ചേക്കാം, പക്ഷേ അവരുടെ ലക്ഷ്യങ്ങളെ സൂക്ഷ്മമായി തിരിച്ചറിയണ്ടേതുണ്ട്, വിദ്വേഷമല്ല, സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്നിന്റെ ആവശ്യമെന്ന് '' കണ്‍വെന്‍ഷന്റെ സമാപന സന്ദേശത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലും ദൈവത്തിന്റെ മുഖച്ഛായ കാണുന്നതാണ് യഥാര്‍ഥ ക്രിസ്ത്രീയ ദര്‍ശനമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ആര്‍ച്ച്ബിഷപ് ദിനോ ഗബ്രിയേല്‍ മുഖ്യസന്ദേശം നല്‍കി. രാവിലത്തെ യോഗത്തില്‍ റവ.മോണോദീപ് ദാനിയേല്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ പി.സി. തോമസ്, പി.ജെ. കുര്യന്‍, എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ വീണാ ജോര്‍ജ്, മാത്യു ടി.തോമസ്, മുന്‍ എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, എം. മുരളി, മാലേത്ത് സരളാദേവി, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് തുടങ്ങിയവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.


Related Articles »