News - 2025

വിശുദ്ധനാട് സന്ദർശനത്തിന് ക്രൈസ്തവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാടും

സ്വന്തം ലേഖകന്‍ 17-02-2020 - Monday

ചെന്നൈ: വിശുദ്ധ നാട് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന ക്രൈസ്തവർക്ക് സഹായവുമായി തമിഴ്നാട് സർക്കാരിന്റെ തീരുമാനം. തീർത്ഥാടനത്തിന് സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന ക്രൈസ്തവരിൽ നിന്നും തമിഴ്നാട് ഭരണകൂടം അപേക്ഷകൾ ക്ഷണിച്ചു. ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അറുനൂറ് ക്രൈസ്തവർക്കു ഇരുപതിനായിരം രൂപ വീതം സഹായം നൽകുവാനാണ്‌ തീരുമാനം. ഇതില്‍ സന്യസ്തരായ അന്‍പത് പേര്‍ക്കു പ്രത്യേക റിസര്‍വേഷനുണ്ട്.

ജെറുസലേം, ബേത്ലഹേം, നസ്രത്ത്‌, ജോർദാൻ നദി എന്നിങ്ങനെ ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്ന പത്തുദിവസത്തെ യാത്രകൾക്കാണ് സാമ്പത്തിക സഹായം. ചെന്നൈ കളക്ടറേറ്റിന് പുറമെ http://www.bcmbcmw.tn.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷകൾ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോമുകൾ ഫെബ്രുവരി 28നു മുൻപ് ചെന്നൈ ചെപ്പോക്കിലുള്ള ഡയറക്ടറേറ്റ് ഓഫ് മൈനോറിറ്റീസ് വെൽഫെയര്‍ ഓഫീസില്‍ ലഭിക്കണമെന്നും ചെന്നൈ കളക്ടർ ആർ സീതാലക്ഷ്മി പത്രകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സാമ്പത്തിക സഹായം ആന്ധ്രപ്രദേശിലെ ജഗൻ മോഹൻ റെഡ്‌ഡി ഭരണകൂടം ഉയര്‍ത്തിയിരിന്നു. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് നാല്പതിനായിരം രൂപയിൽ നിന്നും അറുപതിനായിരമായും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ഇരുപതിനായിരം രൂപയിൽ നിന്നും മുപ്പതിനായിരമായുമാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചത്.

ഇത്തരത്തില്‍ കേരള സര്‍ക്കാരും ന്യൂനപക്ഷ വേര്‍തിരിവ് അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തിന് വിശുദ്ധ നാട് സന്ദര്‍ശനത്തിന് ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു മത വിഭാഗത്തിന് വേണ്ടിയാണ് ചുക്കാന്‍ പിടിക്കുന്നതെന്ന വസ്തുതയാണ് നിലനില്‍ക്കുന്നത്. ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഭൂരിഭാഗം സ്കോളര്‍ഷിപ്പുകളും ഇതര അനുകൂല്യങ്ങളും 80:20 എന്ന അനുപാതത്തിലാണ് പങ്കുവെയ്ക്കപ്പെടുന്നത്. ഇതില്‍ 80%വും മുസ്ലിം വിഭാഗത്തിനു ലഭിക്കുമ്പോള്‍ ബാക്കി 20% മാത്രമാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »