Life In Christ

'തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടം വേണ്ട': അമേരിക്കന്‍ മെത്രാന്റെ അരമന ഇനി ഭിന്നശേഷിക്കാര്‍ക്ക്

സ്വന്തം ലേഖകന്‍ 23-02-2020 - Sunday

ടക്സണ്‍: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ടക്സണ്‍ കത്തോലിക്കാ രൂപത മെത്രാന്റെ വസതി ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നും, ഒരാള്‍ സംഭാവനയായി നല്‍കിയ ചെറിയ വീട്ടിലേക്ക് താന്‍ മാറുകയാണെന്നും ഇ-മെയില്‍ വഴി രൂപതാധ്യക്ഷനായ എഡ്വാര്‍ഡ് വെയിസന്‍ബര്‍ഗര്‍ ഇടവക ജനങ്ങളെ അറിയച്ചതിനെ തുടര്‍ന്നാണ്‌ കെട്ടിടം ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ അഭയകേന്ദ്രമായി മാറുന്നത്. സെന്റ്‌ ജോസഫ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ 1 ലക്ഷത്തോളം വരുന്ന ഗ്രാന്റിന് പുറമേ, സ്വകാര്യ വ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് അരമന നവീകരിച്ച് ഭിന്നശേഷിക്കാരെ അധിവസിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂപ്രകൃതിക്ക് ചേര്‍ന്ന വിധം നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം 1960-കളില്‍ പണികഴിപ്പിച്ച 7,200 ചതുരശ്ര അടിയോളം വരുന്ന ഈ കെട്ടിടം റെജീന ക്ലേരി സെമിനാരിയായും ഉപയോഗിച്ചിട്ടുണ്ടെന്ന് ടക്സണ്‍ രൂപതയുടെ ഔദ്യോഗിക വക്താവായ സ്റ്റെഫ് കൊയിനെമാന്‍ പറയുന്നു. 1960-1981 കാലഘട്ടത്തില്‍ രൂപതയുടെ ബിഷപ്പായി വര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ജെ. ഗ്രീനിന്റെ കാലത്താണ് വലിയ കിടപ്പുമുറികളും, അടുക്കളയും, കുളിമുറികളും, വരാന്തയുമുള്ള കെട്ടിടം പണികഴിപ്പിക്കുന്നത്. നിരവധി മെത്രാന്‍മാര്‍ ഇത് തങ്ങളുടെ അരമനയായി ഉപയോഗിച്ചു.

ഭിന്നശേഷിക്കാരുടെ ഭവനമായി കഴിഞ്ഞാല്‍ അന്തേവാസികളെല്ലാം ഒരു കുടുംബം പോലെ ഒരുസ്ഥലത്തായിരിക്കും താമസിക്കുക. രൂപതയുടെ അനുബന്ധ സംഘടനയായ സതേണ്‍ അരിസോണയിലെ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസിനായിരിക്കും അഭയഭവന്റെ നടത്തിപ്പ് ചുമതല. ഇത് അന്തേവാസികളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുവാന്‍ സഹായകമാവുമെന്നും അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ 24 മണിക്കൂറും സുസജ്ജരായ സ്റ്റാഫ് ലഭ്യമായിരിക്കുമെന്നും കത്തോലിക്കാ കമ്മ്യൂണിറ്റി സര്‍വീസസിന്റെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായ മാര്‍ഗരിറ്റെ ഹാര്‍മണ്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »