Life In Christ - 2025
കൊറോണയ്ക്കെതിരെ ആദ്യം പടവെട്ടിയ ചൈനീസ് ആശുപത്രിയുടെ ക്രിസ്തീയ ചരിത്രം ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍ 24-02-2020 - Monday
ബെയ്ജിംഗ്: ചൈനയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിക്കുവാന്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആശുപത്രികളിലൊന്നായ വൂഹാന്‍ ജിന്‍യിന്റാനിന്റെ പിന്നാമ്പുറ കഥകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മുന്‍പ് ‘വൂഹാന്‍ ഇന്‍ഫെക്ടീഷ്യസ് ഡിസീസസ് ഹോസ്പിറ്റല്‍’ എന്നറിയപ്പെട്ടിരുന്ന ഈ ആശുപത്രിയുടെ മുന്‍ ചരിത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ്കന്‍ സഭയാണ് രംഗത്തെത്തിയിരിക്കുന്നത്. 1926-ല്‍ സ്ഥാപിതമാകുമ്പോള്‍ ‘ഫാ. മെയ് മെമ്മോറിയല്‍ കത്തോലിക്ക ഹോസ്പിറ്റല്‍’ ഇന്‍ ഹാന്‍കോ എന്ന്‍ നാമകരണം ചെയ്യപ്പെട്ടിരുന്ന ആശുപത്രി, ചൈനീസ് ഭാഷയില്‍ ഫാ. മെയ് ഷാഞ്ചുന്‍ എന്നറിയപ്പെട്ടിരുന്ന പാസ്കല്‍ ആഞ്ചെ (ആഞ്ചെലിക്കസ്) മെലോട്ടോ ഒ.എഫ്.എം എന്ന ഇറ്റാലിയന്‍ ഫ്രിയാറിന്റെ പേരിലായിരുന്നുവെന്നാണ് ഫ്രാന്‍സിസ്കന്‍ സഭയുടെ വെബ്സൈറ്റില്‍ പറയുന്നത്.
ഇറ്റലിയിലെ ലോനിഗോയില്‍ ജനിച്ച ഫാ. മെലോട്ടോ 1880-ലാണ് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുന്നത്. 1902-ല്‍ അദ്ദേഹം ചൈനയിലെത്തി. 1923-ല്‍ പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ ചിലര്‍ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യമായി വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. വിദേശിയായതിനാല്‍ ഇറ്റാലിയന്‍, ഫ്രഞ്ച് എംബസ്സികളും ഈ വിഷയത്തില്‍ ഇടപ്പെട്ടു. മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ വിഷം പുരട്ടിയ ബുള്ളറ്റ് കൊണ്ട് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. “ചൈനക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, അവര്‍ക്ക് വേണ്ടി മരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്.
മുന്‍പ് വിദേശ രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന മിഷ്ണറിമാരുടെ പേരില്‍ വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ കോളനിവത്കരണവും മതവും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതിനായി ‘മാക്സിമം ഇല്ലൂഡ്’ എന്ന ശ്ലൈഹീക ലേഖനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ആദ്യത്തെ അപ്പസ്തോലിക പ്രതിനിധിയായ സെല്‍സോ കോണ്‍സ്റ്റാന്റിനി പണത്തിനു പകരം ഫാ. മെലോട്ടോയുടെ നാമധേയത്തില്‍ ഒരു ആശുപത്രിയാണ് ആവശ്യപ്പെട്ടത്. വൈദികന്റെ തിരുശേഷിപ്പുകള്‍ പ്ലം (മെയ്) പവലിയന്‍ എന്നറിയപ്പെടുന്ന സ്മരണികാ മണ്ഡപത്തിലേക്ക് മാറ്റി.
ഹാന്‍കോവിലെ ദരിദ്ര വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആശുപത്രി വലിയൊരു ആശ്വാസമായിരുന്നു. 1949-ല്‍ ഈ ആശുപത്രിയില്‍ 150 കിടക്കകളും രണ്ട് ക്ലിനിക്കുകളും സേവനത്തിനായി ഇരുപതോളം ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സും ഏഴു നേഴ്സുമാരും ഉണ്ടായിരുന്നു. 1952-ല്‍ ചൈനയില്‍ നിന്നും മിഷ്ണറിമാരെ പുറത്താക്കിയപ്പോള്‍ ആശുപത്രി ചൈനീസ് ഭരണകൂടം കൈയടക്കുകയും പുനര്‍നാമാകരണം ചെയ്യുകയുമാണുണ്ടായത്. യഥാര്‍ത്ഥ കെട്ടിടം തകര്‍ത്ത് ആശുപത്രി ഇന്നത്തെ ആശുപത്രിയിരിക്കുന്ന സ്ഥലത്തേക്ക് മാറ്റിയതും ‘പ്ലം’ പവലിയന്‍ പൊളിച്ച് കളയുകയും ചെയ്തത് 2008-ലാണ്. ചെയ്തു. ഭരണകൂടം അനുമതി നല്കിയാല്‍ തങ്ങള്‍ക്ക് വീണ്ടും ഈ ആശുപത്രി നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സിസ്കന്‍ സഭ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക