News - 2025
മതനിന്ദ ആരോപണം: പാക്ക് ക്രൈസ്തവ ദമ്പതികളുടെ വധശിക്ഷയിൽ അന്തിമ വിധി ഏപ്രില്‍ എട്ടിന്
സ്വന്തം ലേഖകന്‍ 02-03-2020 - Monday
ലാഹോര്‍: മതനിന്ദാപരമായ സന്ദേശം ഫോണിലൂടെ അയച്ചു എന്നാരോപണത്തിന്റെ പേരിൽ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികളായ ഷാഫ്കാത്ത് ഇമാനുവേലിന്റെയും, ഷാഗുഫ്ത്ത കൗസാറിന്റെയും അപ്പീലിന്മേൽ ലാഹോർ ഹൈക്കോടതി ഏപ്രിൽ മാസം എട്ടാം തീയതി വിധിപറയും. ഇരുകക്ഷികൾക്കും വേണ്ടി വാദിച്ച കത്തോലിക്കാ അഭിഭാഷകനായ ഖാലിൽ താഹിർ സന്ധുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ദമ്പതികൾക്കെതിരെ തെളിവില്ലാത്തതിനാൽ, അവരെ വെറുതെ വിടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാലിൽ താഹിർ സന്ധു പറഞ്ഞു. കേസിനാസ്പദമായ ഫോൺ സന്ദേശം ഇംഗ്ലീഷിലായിരുന്നു എഴുതപ്പെട്ടിരുന്നത്.
നാലു മക്കളുടെ മാതാപിതാക്കളായ ദമ്പതികൾക്ക് ഉറുദുവിലും, ഇംഗ്ലീഷിലും എഴുതാൻ വശമില്ല. സെഷൻസ് കോടതിയിൽ നടന്ന ആദ്യ വിചാരണ ഇസ്ലാമിക തീവ്രവാദികളുടെ പ്രേരണയാൽ നടന്നതാണെന്ന് ഖാലിൽ താഹിർ സന്ധു വിശദീകരിച്ചു. പ്രസ്തുത വിധിക്ക് ആറു വർഷങ്ങൾക്ക് ശേഷമാണ് കോടതി ക്രൈസ്തവ ദമ്പതികളുടെ അപ്പീൽ കേൾക്കുന്നതെന്നും, ഇത് ക്രൈസ്തവർ നീതിപീഠത്തിൽ നിന്നും നേരിടുന്ന അനീതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ മതനിന്ദ നിയമത്തിന്റെ ഇരകളായ നാൽപതോളം ആളുകളുടെ കേസുകൾ ഖാലിൽ താഹിർ കൈകാര്യം ചെയ്തിട്ടുണ്ട്. മതനിന്ദ നിയമത്തിന്റെ പേരിൽ നിലവില്‍ 25 ക്രൈസ്തവ വിശ്വാസികൾ പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ട്.
ഇവരിൽ ആറുപേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. വിചാരണ പോലുമില്ലാതെ കൊല ചെയ്യാൻ മടിക്കാത്ത തീവ്ര ഇസ്ലാമിക വാദികൾ പുറത്തുള്ളതിനാൽ ജയിലുകളിൽ തന്നെ കഴിയുന്നതാണ് ക്രൈസ്തവരുടെ സുരക്ഷയ്ക്ക് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതനിന്ദയുടെ പേരിൽ ദീർഘനാൾ ജയിലിൽ ശിക്ഷ അനുഭവിക്കുകയും പിന്നീട് വിട്ടയക്കപെടുകയും ചെയ്ത ആസിയാ ബീബിയുടെ അടുത്ത ജയിൽ മുറിയിലാണ് ഷാഗുഫ്ത്ത കൗസാർ കഴിഞ്ഞിരുന്നത്. ആസിയയെ പോലെ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ കാര്യത്തിലും ഇടപെടുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ ദമ്പതികൾ. അതേസമയം ഇരുവരുടെയും മോചനത്തിനായി പ്രാര്‍ത്ഥനയിലാണ് പാക്ക് ക്രൈസ്തവ സമൂഹം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക