India - 2024

'ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം'

07-03-2020 - Saturday

തിരുവനന്തപുരം: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനവും മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാമത്തേതാണെന്നും മലങ്കര കത്തോലിക്കാ സഭ. രാജ്യത്തു വര്‍ധിച്ചുവരുന്ന വര്‍ഗീയത ഏറെ ഉത്കണ്ഠപ്പെടുത്തുന്നുവെന്നും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നുവെന്നും സിനഡ് സൂചിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനു രാജ്യം വേദിയാകാന്‍ പാടില്ല. വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്റെ സൗന്ദര്യം. രാജ്യത്തിന്റെ അതുല്യമായ ഭരണഘടനയിലൂടെയും ഇവിടെ നിലനില്ക്കുന്ന ശ്രേഷ്ഠമായ സംസ്‌കാരത്തിലൂടെയും ലോകത്തെ നാം അതു പഠിപ്പിച്ചു. ഈ സംസ്‌കാരവും ഭരണഘടനയും ഇവിടെ നിലനില്‍ക്കണം.

പൊതുവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളോടും തുറന്ന ചര്‍ച്ചയ്ക്കു തയാറാകണം. ഏതു വിഷയത്തിനും സമാധാനപരമായ പരിഹാരമാണ് ആവശ്യം. അക്രമം ഒരിക്കലും അതിനു പരിഹാരമാവുകയില്ല. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിവിധ വിശ്വാസ സമൂഹങ്ങളും ന്യൂനപക്ഷങ്ങളും നല്കിയിട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കപ്പെടരുത്. വിവിധ മതവിശ്വാസങ്ങള്‍ തമ്മില്‍ തുറന്ന സംവാദങ്ങളും പരസ്പര ബഹുമാനത്തിനുള്ള പദ്ധതികളും ആവശ്യമാണ്. ഇതിനായി, സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുകയും വൈദികപരിശീലനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതു നിയമവിധേയമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി എക്കാലത്തും ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നമ്മുടെ സംസ്‌കാരത്തിന് വലിയ തിരിച്ചടിയായി. ഈ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളും മനുഷ്യകേന്ദ്രീകൃതമായ പ്രകൃതിസംരക്ഷണവുമാണ് ഏറ്റവും അഭികാമ്യമെന്നു സുന്നഹദോസ് ചൂണ്ടിക്കാട്ടി.


Related Articles »