Faith And Reason - 2024

റോമിലെ ദേവാലയങ്ങൾ വിശ്വാസികൾക്കായി വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍ 14-03-2020 - Saturday

റോം: കൊറോണ ഭീതിയിൽ ദേവാലയങ്ങൾ അടച്ചിടാനായി റോം രൂപത ഡിക്രി പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസ് പ്രസ്തുത ഡിക്രി പിൻവലിച്ച്, ദേവാലയങ്ങൾ വീണ്ടും വിശ്വാസികൾക്ക് തുറന്നു കൊടുക്കാനായി ഉത്തരവിട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഇടവക വികാരിമാർക്ക് കൈമാറുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സഭാപരമായ നടപടികൾ സ്വീകരിക്കുമ്പോൾ, സമൂഹത്തിന്റെ പൊതുവായ നന്മയെ മാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് ജനങ്ങളുടെ ദൈവവിശ്വാസം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. മൂന്ന് ആഴ്ചത്തേക്ക്, റോമിലെ ദേവാലയങ്ങൾ അടച്ചിടുന്നത് വിശ്വാസികൾക്കിടയിൽ ഈ പ്രതിസന്ധിഘട്ടത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലുള്ള പള്ളികളും അടയ്ക്കില്ല. ദൈവജനത്തോട് അടുത്തു നില്‍ക്കാന്‍ വൈദികരെ അദ്ദേഹം ആഹ്വാനം ചെയ്തു. ഉപേക്ഷിക്കപ്പെട്ടെന്ന ചിന്ത ആരിലും ഉണ്ടാവാന്‍ സമ്മതിക്കരുത്. ദേവാലയങ്ങള്‍ അടച്ചിട്ട് വിശ്വാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാൻ വൈദികർക്കും, വിശ്വാസികൾക്കും കൈമാറാനായി ഡിക്രിയിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഏപ്രിൽ മൂന്നാം തീയതി വരെ ഇറ്റാലിയൻ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ക്വാറന്റൈൻ നിയമത്തിന് വിധേയരായിരിക്കാനും, വീടുകളിൽത്തന്നെ കഴിയാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

അതേസമയം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സഭയുടെ നിയമത്തിന് കർദ്ദിനാൾ ആഞ്ചലോ ഇളവ് നൽകിയിട്ടുണ്ട്. പുതിയ ഡിക്രി അനുസരിച്ച്, ഇടവക അല്ലാത്ത ദേവാലയങ്ങളും, മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് കെട്ടിടങ്ങളും അടഞ്ഞു തന്നെ കിടക്കും. സന്യാസ സഭകളുടെ സ്ഥാപനങ്ങളിൽ, അവരുടെ അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

മാർച്ച് ഒന്‍പതാം തീയതി മുതൽ റോമിലെ ദേവാലയങ്ങളിൽ കുർബാന അർപ്പിക്കപ്പെടുന്നില്ലായിരുന്നെങ്കിലും, ഡിക്രി പുറത്തിറങ്ങുന്നതുവരെ അവിടങ്ങളിൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കുമായി പ്രവേശിക്കാൻ വിശ്വാസികൾക്ക് അനുവാദമുണ്ടായിരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം റോമിന്റെ പ്രാന്തപ്രദേശമായ ലാസിയോയിൽ 172 കൊറോണ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്താകമാനം ഇരുന്നൂറ്റിഅന്‍പതോളം പേരാണ് കൊറോണ ബാധ മൂലം മരണമടഞ്ഞത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 26