India - 2024

വിശുദ്ധവാരം: തിരുക്കര്‍മ്മങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത

23-03-2020 - Monday

തിരുവനന്തപുരം: ജില്ലാ ഭരണകൂടവും അധികാരികളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും കർശനമായി പാലിച്ചുകൊണ്ട് വിശുദ്ധവാരം ആചരിക്കണമെന്ന് തിരുവനന്തപുരം അതിരൂപതയുടെ സർക്കുലര്‍. വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ ഒഴികെ വൈകുന്നേരത്തെ മറ്റെല്ലാ ആരാധനാക്രമങ്ങളും ഒഴിവാക്കണം. വിശുദ്ധ വാര തിരുക്കർമ്മങ്ങളിലോ, ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കുന്നതിനോ ആരെയും നിർബന്ധിക്കരുത്. ഓശാന ഞായറാഴ്ചത്തെ പ്രദക്ഷിണം പൂര്‍ണ്ണമായും ഒഴിവാക്കണം, കുരുത്തോല ദൈവാലയത്തിൽ വച്ച് തന്നെ വെഞ്ചരിച്ച നൽകണം,

പെസഹാ വ്യാഴാഴ്ച തിരുകർമ്മങ്ങളിൽ പാദക്ഷാളനകർമ്മം ഒഴിവാക്കണം. എന്നീ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പെസഹാ വ്യാഴാഴ്ച ചടങ്ങുകൾ അവസാനിച്ചാലുടന്‍ ദേവാലയങ്ങൾ അടയ്ക്കണം, രാത്രി ആരാധന ഒഴിവാക്കണം.

ദുഃഖവെള്ളിയാഴ്ച രാവിലെ തിരുമണിക്കൂർ ആരാധന പുനരാരംഭിക്കാമെങ്കിലും ഓരോ മണിക്കൂറിലും നിശ്ചയിക്കുന്ന യൂണിറ്റ് അംഗങ്ങളും മറ്റു ഭക്ത സംഘടനകളും മാത്രം സംബന്ധിക്കുക. ഓരോ തിരു മണിക്കൂറിലും പരമാവധി പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ക്രമപ്പെടുത്തണം. ഭവനങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ തിരുമണിക്കൂർ ആരാധന നടത്തുന്ന രീതി പ്രോത്സാഹിപ്പിക്കണം. ദുഃഖവെള്ളിയാഴ്ച കുരിശു രൂപത്തിൽ തൊട്ടു ചുംബിക്കുന്നത് ഒഴിവാക്കണം. ആളുകൾ തമ്മിൽ കൃത്യമായ അകലം പാലിച്ച് കുരിശാരാധന നടത്തണം.

ദുഃഖവെള്ളിയാഴ്ച പരമ്പരാഗതമായി നടത്തുന്ന തൂമ്പാവ് പ്രദക്ഷിണം ഇത്തവണ കർശനമായി നിരോധിച്ചു. ഒരുതരത്തിലുമുള്ള പ്രദക്ഷിണമോ പുറത്തുള്ള കുരിശിൻറെ വഴിയോ നടത്തുവാൻ പാടുള്ളതല്ല. ദുഃഖവെള്ളിയാഴ്ച വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്ന പതിവും ഒഴിവാക്കണം. പൊതു കുമ്പസാരത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കണം. കുമ്പസാര ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.


Related Articles »