Faith And Reason

ന്യൂയോര്‍ക്കില്‍ രണ്ടായിരം അടി ഉയരത്തില്‍ വെഞ്ചിരിപ്പും പ്രാര്‍ത്ഥനയുമായി വൈദികന്‍

സ്വന്തം ലേഖകന്‍ 25-03-2020 - Wednesday

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ രോഗ വ്യാപനം അതീവ ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പരിസര പ്രദേശങ്ങളെ രണ്ടായിരം അടി ഉയരത്തില്‍ നിന്നും വെഞ്ചിരിച്ച് കത്തോലിക്ക വൈദികന്‍. പിറ്റ്സ്ഫോര്‍ഡിലെ സെന്റ്‌ ലൂയീസ് കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരിയായ ഫാ. ബെനിറ്റെസാണ് ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ നഗരത്തേയും പരിസര പ്രദേശങ്ങളേയും വിമാനത്തില്‍ നിന്നും ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ചു പ്രാര്‍ത്ഥിച്ചത്. തന്റെ ഇടവകയിലെ ഒരു വിശ്വാസിയുടേയും പൈലറ്റ്‌ അന്തോണി ഡാനിയലിന്റേയും സഹായത്തോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വെഞ്ചരിപ്പ്.

ബാലനായിരിന്നപ്പോള്‍ തന്റെ ജന്മദേശമായ കൊളംബിയയില്‍ വൈദികര്‍ കാണിച്ച മാതൃകയാണ് ഇത്തരത്തില്‍ ഒരു സമീപനത്തിന് കാരണമെന്ന്‍ അദ്ദേഹം വെളിപ്പെടുത്തി. സാധാരണഗതിയില്‍ വിമാനം പറക്കുവാനുള്ള ഉയരം ആറായിരം അടിയാണ്. പൈലറ്റായ അന്തോണി താഴ്ന്ന ഉയരമായ 2000 അടി ഉയരത്തില്‍ പറക്കുവാനുള്ള പ്രത്യേക അനുമതി അധികൃതരില്‍ വാങ്ങുകയായിരിന്നു. മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വിമാനത്തിന്റെ ജാലകം തുറന്ന്‍ കുപ്പിയില്‍ കരുതിയിരുന്ന വിശുദ്ധ ജലം രാജ്യത്തിനും ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലിയശേഷം വൈദികന്‍ താഴേക്ക് തളിച്ചു.

കൊറോണയുടെ ഭീതിയില്‍ കഴിയുമ്പോള്‍ നഗരത്തെ വിശുദ്ധ ജലം കൊണ്ട് ആശീര്‍വദിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുമെന്നു അദ്ദേഹം പറയുന്നു. തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ തങ്ങള്‍ ഒറ്റക്കല്ലെന്ന ജനങ്ങളോട് പറയുകയാണ്‌ ലക്ഷ്യമെന്നും ഫാ. ബെനിറ്റെസ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ 54941 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ മരണസംഖ്യ 784 കടന്നിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 28