Friday Mirror

കൊറോണകാലത്തും ഈ വൈദികർ തിരക്കിലാണ്

സ്വന്തം ലേഖകന്‍ 27-03-2020 - Friday

ലോകം മുഴുവനും കൊറോണ പിടിമുറുക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭരണകൂടങ്ങളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നു പൊതുജന പങ്കാളിത്തത്തോടെയുള്ള പരിശുദ്ധ കുര്‍ബാന അര്‍പ്പണം റദ്ദാക്കിയിരിക്കുകയാണ്. ദേവാലയ ശുശ്രൂഷകളും മുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുവാനും, ദേവാലയവുമായുള്ള വിശ്വാസികളുടെ അടുപ്പം നിലനിര്‍ത്തുവാനും ക്രിയാത്മകവും വ്യത്യസ്തവുമായ നൂതന ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്ന കത്തോലിക്ക വൈദികരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തരത്തില്‍ ഈ ദിവസങ്ങളില്‍ വൈദികര്‍ സ്വീകരിച്ച ആറ് വ്യത്യസ്തമായ പ്രേഷിത മാര്‍ഗ്ഗങ്ങളാണ് താഴെ പ്രതിപാദിക്കുന്നത്.

‍കാറില്‍ ഇരിക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന

“തുറന്ന കുര്‍ബാന” എന്ന വ്യത്യസ്തമായ ആശയവുമായിട്ടാണ് ഒരു കത്തോലിക്കാ പുരോഹിതന്‍ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയത്. ദേവാലയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരുക്കിയ അള്‍ത്താരയില്‍ അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന, പാര്‍ക്കിംഗ് സ്ഥലത്ത് സ്വന്തം കാറില്‍ ഇരുന്നുകൊണ്ട് 103.9 FM-ല്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന റേഡിയോയിലൂടെ കേട്ടുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്.

‍സെല്‍ഫി സര്‍വീസ്

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിശ്വാസികള്‍ ഇ-മെയിലിലൂടെ അയച്ചുകൊടുത്ത സെല്‍ഫി ഫോട്ടോകള്‍ ശേഖരിച്ചു പ്രിൻറ് ചെയ്തു അൾത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഉറപ്പിച്ചായിരിന്നു ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികന്‍ കഴിഞ്ഞ ആഴ്ച ബലിയര്‍പ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിന്നു. ഇതിന് സമാനമായ ബലിയര്‍പ്പണം കേരളത്തിലും നടന്നുവെന്നത് മറ്റൊരു വസ്തുത.

‍മേല്‍ക്കൂരയില്‍ നിന്നുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന

റോമിന്റെ സമീപപ്രദേശത്തെ ഒരു പുരോഹിതന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതും ഈ ദിവസങ്ങളില്‍ ശ്രദ്ധ നേടി. വിശ്വാസികള്‍ തങ്ങളുടെ ഭവനങ്ങളിലെ ജനാലയ്ക്കു ചാരെ നിന്നുകൊണ്ട് പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും അരൂപിയിലെ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഇതോടൊപ്പം നടന്നു.

‍കരുണയുടെ മഹത്തായ മണിക്കൂറിലെ പ്രാര്‍ത്ഥന

മിസ്സിസിപ്പിയിലെ ജാക്ക്സണിലെ ഒരു പുരോഹിതന്‍ സ്വീകരിച്ച മാര്‍ഗ്ഗവും വ്യത്യസ്തമായിരിന്നു. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനുള്ള ഒരു സമയം നല്‍കുകയാണ് അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷ നടത്തിയത്. വിശുദ്ധ കുര്‍ബാന ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹം ഉച്ചകഴിഞ്ഞ് 3 മണിക്ക് ദേവാലയത്തിന്റെ പുറത്ത് നിന്നുകൊണ്ട് കരുണ കൊന്തയും, ജപമാലയും ചൊല്ലുകയായിരിന്നു. ആഴ്ചയിലെ മുഴുവന്‍ ദിവസവും വിശ്വാസികള്‍ ഈ സമയം പ്രാര്‍ത്ഥനയില്‍ ഒരുമിക്കുകയായിരിന്നു.

‍ജാലകത്തിലൂടെയുള്ള കുമ്പസാരം

നെബ്രാസ്കയിലെ ഒരു പുരോഹിതന്‍ തന്റെ ഭവനത്തിന്റെ ജാലകത്തിലൂടെ വിശ്വാസികളുടെ കുമ്പസാരത്തിനുള്ള അവസരം ഒരുക്കിയതും ഈ ദിവസങ്ങളില്‍ ചര്‍ച്ചയായി. വിശ്വാസിയും വൈദികനും തമ്മില്‍ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടായിരുന്നു കുമ്പസാരം. തന്റെ വീടിന്റെ ജാലകം ശരിക്കും ഒരു കുമ്പസാരക്കൂട് പോലെ ആക്കിയിരിക്കുകയാണ് ഈ പുരോഹിതന്‍.

‍ഡ്രൈവ് ത്രൂ കുമ്പസ്സാരം

കാറില്‍ ഇരിക്കുന്ന വിശ്വാസിയുടെ കുമ്പസാരം സുരക്ഷിതമായ അകലത്തില്‍ നിന്നുകൊണ്ട് പുരോഹിതന്‍ കേള്‍ക്കുന്നതാണ് ഡ്രൈവ് ത്രൂ കുമ്പസാരം. ഇതിന്റെ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായിരിന്നു. കുമ്പസാരത്തിന് ഭംഗം വരാതിരിക്കുവാന്‍ മറ്റുള്ള വാഹനങ്ങളുടെ വരവ് ഒഴിവാക്കുവാന്‍ പാര്‍ക്കിംഗ് ഏരിയായില്‍ ഒരു ഡീക്കനും നിലയുറപ്പിച്ചിരിന്നു.

ഇത്തരത്തില്‍ ആത്മീയ ശുശ്രൂഷയ്ക്ക് പ്രതിബന്ധങ്ങള്‍ വന്നപ്പോള്‍ അതില്‍ തളരാതെ അജഗണത്തോട് ചേര്‍ന്ന് നിന്ന അനേകം വൈദികരുടെ സാക്ഷ്യങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. വിശ്വാസികളുമായി അടുത്ത ബന്ധത്തിലായിരിക്കുവാന്‍ നമ്മുടെ വൈദികര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെങ്കിലും നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കായി അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകുമെന്ന്‍ ഉറപ്പാണ്. ലോകമെങ്ങും ശുശ്രൂഷ ചെയ്യുന്ന നമ്മുടെ പ്രിയ വൈദികരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 14