Youth Zone - 2024
വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ് അടങ്ങിയ പെട്ടകം പൊതു പ്രദര്‍ശനത്തിന്
സ്വന്തം ലേഖകന്‍ 28-03-2020 - Saturday
ആച്ചെന്‍: ആശ്ചര്യത്തോടെ ആയിരിയ്ക്കും ഈ വാര്‍ത്തയുടെ തലക്കെട്ട് വായിച്ചിട്ടുണ്ടാകുക. ലോകമെങ്ങും ഭീതി പടര്‍ത്തുന്ന ഒരു വൈറസിന്റെ പേരില്‍ വിശുദ്ധയോ? സ്വഭാവികമായി ഉയരാവുന്ന ചോദ്യം. എന്നാല്‍ സത്യമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വെറും 16 വയസുള്ളപ്പോഴാണ് ഈ വിശുദ്ധ രക്തസാക്ഷിത്വം വരിക്കുന്നത്. ലോകമെങ്ങും മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പടങ്ങിയ പെട്ടകം ജര്‍മ്മനിയിലെ ആച്ചെനിലെ കത്തീഡ്രലില്‍ പുനഃസ്ഥാപിക്കുവാനുള്ള തയാറെടുപ്പ് സജീവമായതോടെയാണ് വിശുദ്ധയുടെ ചരിത്രം റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി പൊതു പ്രദര്‍ശനം നടത്താതിരിന്ന തിരുശേഷിപ്പ് അടങ്ങിയ പെട്ടകം ഉടനെ പൊതുപ്രദര്‍ശനത്തിന് വെക്കുവാനാണ് പദ്ധതി. സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ പെട്ടകത്തിന് 93 സെന്റിമീറ്റര്‍ ഉയരവും 98 കിലോഗ്രാം ഭാരവുമാണുള്ളത്. ഒമ്പതാം നൂറ്റാണ്ടില്‍ ചാര്‍ലിമേയിന്‍ ചക്രവര്‍ത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചത്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പേ തന്നെ ഈ വേനല്‍ക്കാലത്ത് സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ട ഒരു എക്സിബിഷനില്‍ തിരുശേഷിപ്പടങ്ങിയ പെട്ടകം പൊതുപ്രദര്‍ശനത്തിന് വെക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തിരിന്നു.
കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍പേ നിശ്ചയിച്ചിരുന്നതിലും നേരത്തേ തന്നെ തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവാലയത്തിന്റെ ഔദ്യോഗിക വക്താവായ ഡാനിയേല ലോയ്വെനിച്ച് അറിയിച്ചു. കൌമാര പ്രായത്തില്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അതിക്രൂരമായ വിധത്തിലാണ് വിശുദ്ധ കൊറോണയെ റോമാക്കാര്‍ കൊല്ലുന്നത്. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ഐതീഹ്യം പറയുന്നത്.
997-ല്‍ ഒട്ടോ മൂന്നാമന്‍ രാജാവാണ് വിശുദ്ധയുടെ തിരുശേഷിപ്പ് ആച്ചെനില്‍ കൊണ്ടുവരുന്നത്. ദേവാലയത്തിന്റെ സ്ലാബിനടിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് 1911-12 കാലയളവിലാണ് ഇപ്പോഴത്തെ പെട്ടകത്തിലേക്ക് മാറ്റുന്നത്. ലാറ്റിന്‍ ഭാഷയില്‍ കിരീടം, മാല എന്നൊക്കെ അര്‍ത്ഥം വരുന്ന ‘വിശുദ്ധ കൊറോണ’ തന്റെ പേരിലുള്ള പകര്‍ച്ചവ്യാധി ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദൈവ സന്നിധിയില്‍ മാധ്യസ്ഥം യാചിക്കണമെയെന്ന പ്രാര്‍ത്ഥനയാണ് വിശ്വാസി സമൂഹത്തിനിടയില്‍ ഉള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക