Faith And Reason - 2025

അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് പഠനഫലം

സ്വന്തം ലേഖകന്‍ 02-04-2020 - Thursday

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി സര്‍വ്വേ ഫലം. രാജ്യത്തു പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികം (55%) പേരും കൊറോണയുടെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായി. മാര്‍ച്ച് 19-24 കാലയളവില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 11,537 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കൊറോണയുടെ അന്ത്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് സമ്മതിച്ചതില്‍ ഭൂരിഭാഗം പേരും (82%) ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളാണ്.

മൂന്നില്‍ രണ്ട് കത്തോലിക്കരും (68%) ഇതേ അനുപാതത്തില്‍ തന്നെ പ്രധാന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍പ്പെട്ടവരും (65%) കൊറോണയുടെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചതായി പ്യൂ റിസേര്‍ച്ച് സെന്റര്‍ പറയുന്നു. യാതൊരു മതത്തിലും വിശ്വസിക്കാത്തവര്‍ പോലും (36%) ഇക്കാലയളവില്‍ പ്രാര്‍ത്ഥിച്ചുവെന്നും സര്‍വ്വേ ഫലത്തിന്റെ നിഗമനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പള്ളിയില്‍ പോയിരുന്ന അമേരിക്കക്കാരില്‍ 57% ഇപ്പോള്‍ ടെലിവിഷനിലൂടേയോ ഓണ്‍ലൈനിലൂടേയോ വിശുദ്ധ കുര്‍ബാന കാണുന്നുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം തങ്ങളുടെ ജീവിതത്തില്‍ ചെറിയ തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് പത്തില്‍ ഒന്‍പതു പേരും (91%) സമ്മതിച്ചുവെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ഇറ്റലിയെ മറികടന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയത്.


Related Articles »