India - 2024

പാലാ രൂപത ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്ക് ഫോഴ്സ് 250 മൃതസംസ്കാരം പൂര്‍ത്തിയാക്കി

പ്രവാചകശബ്ദം 24-10-2021 - Sunday

പാലാ: പാലാ രൂപത ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്ക് ഫോഴ്സ് 250 കോവിഡ് സംസ്കാരങ്ങള്‍ പൂര്‍ത്തിയാക്കി. 250ാമത്തെ സംസ്കാരം ഇവരുടെ നേതൃത്വത്തില്‍ മലപ്പുറം ആയാംകുടി പള്ളിയില്‍ നടത്തി. ഇന്നലെ 251ാമത്തെ സംസ്കാരം കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് കൊഴുവനാല്‍ പള്ളിയിലും നടത്തി. 2020 ഓഗസ്റ്റ് ഒന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ ട്രെയിനിംഗ് നല്‍കി പ്രവര്‍ത്തനം ആരംഭിച്ച ടാക്‌സ് ഫോഫ്‌സ് ടീം ഓഗസ്റ്റ് മൂന്നിന് കളത്തൂര്‍ ഇടവകയിലാണ് ആദ്യ സംസ്കാരം നടത്തിയത്. 20 വൈദികരും 20 അല്മായരും ഫൊറോന ലീഡേഴ്സായി തുടങ്ങിയ ടീമില്‍ 500 മെംബര്‍മാര്‍ സന്നദ്ധരായി ചേര്‍ന്നു.

200 പേര്‍ ആക്ടീവായി പങ്കെടുക്കുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസം ഇല്ലാതെയാണ് ടാസ്ക് ഫോഴ്‌സിന്റെ സേവനം തുടരുന്നത്. 95 ശതമാനം എസ്എംവൈഎം യുവാക്കളും അഞ്ചു ശതമാനം കുടുംബകൂട്ടായ്മ, എകെസിസി സംഘടനകളിലെ മുതിര്‍ന്നവരുമാണ് വോളന്റിയര്‍മാരായുള്ളത്. കൂട്ടിക്കലിലെ ദുരന്ത മുഖത്തും ഈ ടീമിലെ വോളന്റിയര്‍മാര്‍ സജീവമാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.


Related Articles »