News - 2025
ഫിലിപ്പീന്‍സില്‍ കര്‍ദ്ദിനാളിനും 130 കന്യാസ്ത്രീകള്‍ക്കും കോവിഡ് 19
പ്രവാചകശബ്ദം 18-09-2021 - Saturday
മനില: തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികര്‍ക്കും സന്യാസിനികള്‍ക്കുമിടയില്‍ കൊറോണ രോഗബാധ രൂക്ഷമാകുന്നു. മനില മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുലയ്ക്കും വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട കന്യാസ്ത്രീകള്‍ക്കും കോണ്‍വെന്റ് സ്റ്റാഫിനും ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മനില രൂപതയിലെ ഒരു സന്യാസിനി സഭയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുലക്ക് നേരിയ പനി അല്ലാതെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് മനില അതിരൂപത ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
തങ്ങളുടെ 62 കന്യാസ്ത്രീമാര്‍ കൊറോണ പോസിറ്റീവ് ആണെന്ന് മനിലയിലെ വിര്‍ജിന്‍ മേരി സന്യാസിനി സഭ അറിയിച്ചു. കോണ്‍വെന്റിലെ ജോലിക്കാരും, സഭയുടെ കീഴില്‍ ആതുര ശുശ്രൂഷ മേഖലയില്‍ ജോലിചെയ്യുന്നവരും, ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ 50 സ്റ്റാഫുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ക്യുസോണ്‍ നഗരത്തിലെ തങ്ങളുടെ കോണ്‍വെന്റ് മുഴുവനും ക്വാറന്‍റൈനില്‍ ആണെന്നും അറിയിപ്പില്‍ പറയുന്നു.
മറ്റൊരു സന്യാസിനി സഭയായ ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സും തങ്ങളുടെ കന്യാസ്ത്രീമാരില്‍ 22 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഒരാള്‍ മരിച്ചുവെന്നും അറിയിച്ചിട്ടുണ്ട്. ഹോളി സ്പിരിറ്റ് സഭയുടെ മനിലയിലെ ഒരു കോണ്‍വെന്റില്‍ മാത്രം 13 കന്യാസ്ത്രീകള്‍ക്കും 9 സ്റ്റാഫിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഉണ്ടായ വ്യാപനത്തെ കുറിച്ച് അന്വേഷിക്കുമെന്ന്‍ മനിലയിലെ എപ്പിഡമോളജി ആന്‍ഡ് ഡിസീസ് സര്‍വൈലന്‍സ് യൂണിറ്റ് അറിയിച്ചിട്ടുണ്ട്. രാജ്യത്തു ആകെ ഇരുപത്തിമൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 36,328 പേര്‍ ഇതിനോടകം മരണമടഞ്ഞു.