News

96 പേരുടെ മരണത്തിന് ഇടയാക്കിയ ഹില്‍സ്ബ്രോ ദുരന്തത്തിന് കാരണക്കാരായ അധികാരികളോട് ക്ഷമിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ലിവര്‍പൂള്‍ ബിഷപ്പ്

അഗസ്റ്റസ് സേവ്യര്‍ 03-05-2016 - Tuesday

ലിവര്‍പ്പൂള്‍: 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നടന്ന FA കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മദ്ധ്യേ ഉണ്ടായ ദുരന്തത്തില്‍, ലിവര്‍പൂള്‍ ആരാധകരുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നും ദുരന്തത്തിന് കാരണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥ നേരിട്ടറിഞ്ഞിട്ടുള്ള ബിഷപ്പ് ടോം വില്യംസ് കോടതി വിധിയോട് രോഷത്തോടെയാണ് പ്രതികരിച്ചത്. സത്യം പുറത്തു വരാൻ 27 വർഷങ്ങളെടുത്തു എന്നത് അത്യന്തം ഖേദകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം.

"അവർ പശ്ചാത്തപിക്കുന്നു എങ്കിൽ അവർക്ക് മാപ്പു കൊടുക്കുവാനുള്ള സമയമാണിത്. അധികൃതർ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിൽ കരുണ പ്രവര്‍ത്തിയില്‍ കൊണ്ട് വരേണ്ട സന്ദർഭമാണിത്. നാം അവർക്ക് മാപ്പു നൽകാൻ തയ്യാറാകുക" അദ്ദേഹം പറഞ്ഞു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരന്തം നടന്ന സ്ഥലത്തെ ഇടവക വികാരിയായിരുന്നു ബിഷപ്പ് ടോം വില്യംസ് .

ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകരെ ഞടുക്കിയ ദുരന്തമായിരിന്നു ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നടന്ന ഹില്‍സ് ബ്രോ ദുരന്തം. 1989 ഏപ്രില്‍ പതിനഞ്ചാം തിയതി FA കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണുവാനായി തടിച്ച് കൂടിയ ഫുട്ബോള്‍ ആരാധകരില്‍ 96 പേര്‍ അതിദാരുണമായി തിക്കിലും തിരക്കിലും പെട്ട് മരണമടയുകയും 766 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ലിവര്‍പ്പൂള്‍ ഫുട്ബോള്‍ ക്ലബിന്റെ ആരാധകരായിരിന്നു മരണമടഞ്ഞത്. അവര്‍ക്ക് വേണ്ടി പ്രത്യേകം ക്രമീകരിച്ചിരിന്ന ഭാഗത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ടാണ് ഈ ദുരന്തം നടന്നത്.

വന്‍ജനകൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയായിരിന്നു ദുരന്തകാരണമെന്ന് ലോര്‍ഡ് ടെയ്ലര്‍ അന്വേഷണ കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരിന്നു. എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഇതിനെ നിഷേധിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്നു, 1990 ആഗസ്റ്റ് 14നു, മതിയായ തെളിവുകളില്ലാത്തതിനാല്‍ സുരക്ഷയ്ക്കു നിന്ന പോലീസുകാര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലയെന്ന് പബ്ലിക് പ്രോസീക്യൂഷന്‍ തീരുമാനിച്ചു.

പിന്നീട് പലതവണ ഇതേ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ നിയമത്തിന് സാധിച്ചില്ല. ദുരന്തത്തില്‍ മരണമടഞ്ഞ കെവിന്‍ വില്ല്യംസ് എന്ന 15 കാരന്റെ മാതാവ് ആന്‍ വില്ല്യംസ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ സമീപിച്ചിരിന്നു. ഇതേ തുടര്‍ന്നായിരിന്നു ഈ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് വീണ്ടും ഉത്തരവിറക്കിയത്

സംഭവം നടന്ന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ച പുറത്ത് വന്ന കോടതി വിധിയില്‍ ലിവര്‍പ്പൂള്‍ ആരാധകരുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നും ദുരന്തത്തിന് കാരണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

ഹിൽസ്ബറോ ദുരന്തത്തിൽ 27 വർഷത്തിനു ശേഷം വന്ന കോടതി വിധിയുടെ ദിവസം, ദുരന്ത ദിവസത്തേക്കാൾ വികാരപരമാണെന്ന്‍, അന്ന്‍ മരിച്ചവരുടെ ശവസംസ്ക്കാരക്രിയകൾ നിർവ്വഹിച്ച ഒരു വൈദികൻ അഭിപ്രായപ്പെട്ടു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം സംഭവിച്ച ദുരന്തത്തിൽ അധികൃതർ ഖേദിക്കുന്നുവെങ്കിൽ അതൊരു നല്ല തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

"അപകടത്തെ പറ്റി പഠിച്ച ടെയ്ലർ റിപ്പോർട്ട് അപകടകാരണം പോലീസിന്റെ അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണം നേരത്തെ മുതൽ ഉള്ളതാണെങ്കിലും പോലീസ് അത് നിരന്തരം തിരസ്ക്കരിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ, 27 വർഷത്തിനു ശേഷം, ലിവർപൂൾ ആരാധകർ കുറ്റവിമുക്തരാക്കപ്പെട്ടു. ആറ് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങിയ ജൂറി പോലീസിന്റെ കർത്തവ്യ നിർവ്വഹണത്തിൽ വന്ന പാളിച്ചകളാണ് ദുരന്തത്തിന് വഴിതെളിച്ചതെന്ന് നിയമവൃത്തങ്ങള്‍ അംഗീകരിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »