Faith And Reason

മുൻ ട്രയാത്‌ലോൺ ലോക ചാമ്പ്യൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 14-04-2020 - Tuesday

ബുഡാപെസ്റ്റ്: വ്യത്യസ്ത കായിക മത്സര ഇനങ്ങൾ അനുക്രമമായ വ്യവസ്ഥയോടെ നടത്തുന്ന ട്രയാത്‌ലോൺ മത്സരത്തിലെ ഹംഗറിയില്‍ നിന്നുള്ള ലോക ചാമ്പ്യൻ അകോസ് വാനേക്ക് ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കാനായിരുന്നു അകോസ് വാനേക്കിന്റെ പദ്ധതി. എന്നാൽ കൊറോണ ഭീതി മൂലം രാജ്യം മുഴുവനുമുളള ദേവാലയങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ, ദുഃഖശനിയാഴ്ച തന്നെ ജ്ഞാനസ്നാനം സ്വീകരിക്കുകയായിരിന്നു. അകോസ് വാനേക്കിന് ജ്ഞാനസ്നാനം നല്കാൻ ബുഡാപെസ്റ്റിലെ പസാരത്ത് ഫ്രാൻസിസ്കൻ ദേവാലയം അധികൃതരിൽ നിന്നും പ്രത്യേക അനുവാദം വാങ്ങിയിരുന്നു.

ചടങ്ങിൽ ഏതാനും ചില ഫ്രാൻസിസ്കൻ സന്യാസികൾ മാത്രമേ പങ്കെടുത്തുളളു. 2014-ല്‍ നടന്ന ട്രയാത്‌ലോൺ ലോക ചാമ്പ്യൻഷിപ്പിലാണ് അകോസ് വാനേക്ക് കിരീടം ചൂടിയത്. എന്നാൽ അതിനുശേഷം ദൈവവിളി ലഭിച്ചുവെന്ന തുറന്നുപറച്ചിലുമായി വാനേക്ക് കായിക ലോകത്തോട് വിട പറയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ആംബുലൻസ് ക്രൂവില്‍ അംഗമായി അദ്ദേഹം സേവന സന്നദ്ധനായി. രാജ്യത്ത് നിരവധി ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ രോഗികളെ വിവിധ ആശുപത്രികളിൽ എത്തിക്കുന്ന ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തിരുസഭയിലേക്ക് ചേക്കേറിയത്.

തന്റെ സുഹൃത്തായ ഒരു പ്രൊട്ടസ്റ്റന്‍റ് പാസ്റ്റർ, തനിക്ക് പകരമായി ഏതാനും സമയം ആംബുലൻസ് ഉത്തരവാദിത്വം നിര്‍വ്വഹിച്ച് കൊള്ളാമെന്ന് പറഞ്ഞെന്നും അതിനാലാണ് പറഞ്ഞ സമയത്തു ജ്ഞാനസ്നാനം സ്വീകരിക്കാൻ സാധിച്ചതെന്നും അകോസ് പറഞ്ഞു. വിശുദ്ധവാരത്തിലുടനീളം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ സന്ദേശങ്ങളോട് നീതി പുലർത്തിയാണ് അകോസ് വാനേക്കിന് ജ്ഞാനസ്നാനം നൽകിയതെന്ന് ബുഡാപെസ്റ്റിലെ ദേവാലയ അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും, നഴ്സുമാരെയും, മറ്റ് ആരോഗ്യ പ്രവർത്തകരെയും "അടുത്ത വീട്ടിലെ വിശുദ്ധർ" എന്ന് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »